ആലപ്പുഴ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഭക്ഷണവും മരുന്നും താമസവും ഉറപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ എം.അഞ്ജന പറഞ്ഞു. ഇതിനായി ജില്ല ലേബർ ഓഫീസർമാരായ വേണുഗോപാലിനെയും ശ്യാമള കുമാരിയെയും ചാർജ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. മ​റ്റു വകുപ്പുകളുടെ സഹായം ചാർജ് ഓഫീസർക്ക് ലഭ്യമാക്കാൻ കളക്ടറേ​റ്റിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ജില്ലയിൽ അതിഥി തൊഴിലാളികളുടെ 326 ക്യാമ്പുകളിലായി ഏകദേശം 8000ത്തോളം തൊഴിലാളികളുണ്ട്. കൃത്യമായ വിവര ശേഖരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കണം. ഇവരിൽ ആർക്കെങ്കിലും താമസം, ഭക്ഷണം, മരുന്ന് എന്നിവയ്ക്ക് ബുദ്ധിമുട്ടുണ്ടായാൽ പരിഹരിക്കും. സ്‌കൂളുകളിൽ ക്യാമ്പ് ആരംഭിക്കാം. ഇങ്ങനെ തുടങ്ങുന്ന ക്യാമ്പുകളിൽ കമ്മ്യൂണി​റ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണം വേണ്ട എന്ന് അവർ അറിയിച്ചാൽ അവരുടെ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം അവിടെത്തന്നെ ഉറപ്പാക്കാൻ കളക്ടർ നിർദ്ദേശിച്ചു. അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി 11 വാഹനങ്ങളും ജില്ലാ ഭരണകൂടം വിട്ടുനൽകും. ആവശ്യത്തിന് ജീവനക്കാരെ അധികമായി നൽകാനും തീരുമാനിച്ചു.