puli

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് മൂന്നാം വാർഡിലെ ഒരു വീട്ടിൽ ഒന്നിച്ച് താമസിച്ചിരുന്ന 40 തൊഴിലാളികളെ ജില്ലാ കളക്ടർ എം.അഞ്ജന ഇന്നലെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു. ഇവരുടെ സുരക്ഷ കണക്കിലെടുത്ത് പുളിങ്കുന്ന് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാ​റ്റി. നാല് പേര് വീതം ഒരു മുറിയിലെന്ന തരത്തിൽ താമസ സൗകര്യവും പ്രത്യേക ശുചിമുറി സൗകര്യവും ഉറപ്പാക്കി. ഭക്ഷണം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് സെക്രട്ടറിയെയും വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തി.

തൊഴിലാളികൾക്ക് ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനാവശ്യമായ വസ്തുക്കൾ കൃത്യമായി എത്തിച്ചു നൽകാനും കളക്ടർ നിർദ്ദേശിച്ചു.ആദ്യ ഘട്ട പലവ്യഞ്ജനങ്ങൾ കളക്ടർ നേരിട്ട് വിതരണം ചെയ്തു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശാ സി. എബ്രഹാം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നിച്ചൻ മണ്ണങ്കരത്തറ, കുട്ടനാട് തഹസിൽദാർ രവീന്ദ്രനാഥ പണിക്കർ, ഡെപ്യൂട്ടി തഹസിൽദാർ എസ്. സുഭാഷ് എന്നിവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.