'അടിനിറുത്തൽ' കരാർ ലോക്ക്ഡൗൺ കഴിയും വരെ
കായംകുളം: ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ച നടന്നെങ്കിലും കായംകുളം നഗരസഭയും പൊലീസും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നു. പൊലീസ് കാന്റീൻ പരിശോധിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് പിൻവലിക്കില്ലെന്ന് കായംകുളം ഡിവൈ.എസ്.പി ആർ.ബിനു 'കേരളകൗമുദി'യോടു പറഞ്ഞു. ലോക്ക് ഡൗൺ കഴിഞ്ഞാൽ കാന്റീൻ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസനും വ്യക്തമാക്കി.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭയും പൊലീസും ഒന്നിച്ച് നീങ്ങണമെന്നായിരുന്നു ഇന്നലത്തെ യോഗത്തിൽ ധാരണയായത്. ചില പൊലീസ് ഉദ്യോഗസ്ഥരുടെ അതിരുവിട്ട പെരുമാറ്റത്തിൽ ജില്ലാ പൊലീസ് ചീഫ് ഖേദം പ്രകടിപ്പിച്ചെന്നും ജീവനക്കാർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കാൻ പൊലീസ് സമ്മതിച്ചായും നഗരസഭ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. കാന്റീൻ ലൈസൻസുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ താത്കാലികമായി നിറുത്തിവയ്ക്കാൻ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകിയെന്നും പിന്നീട് തുടർ നടപടി ഉണ്ടാകുമെന്നുമാണ് നഗരസഭയുടെ നിലപാട്.
ശനിയാഴ്ച കായംകുളം പൊലീസ് സ്റ്റേഷനിലെ കാന്റീനിൽ പരിശോധനയ്ക്ക് എത്തിയ വനിത ഉൾപ്പെടെയുള്ള നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത് മണിക്കൂറുകളോളം നീണ്ട നാടകീയ രംഗങ്ങൾക്ക് ഇടയാക്കിയിരുന്നു. നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ ഗീത, ഹെൽത്ത് ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, സലിം, ഡ്രൈവർ സതീശൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറിനുശേഷം നഗരസഭ സെക്രട്ടറി ഇവരെ ജാമ്യത്തിലിറക്കി.
സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞ് ഡിവൈ.എസ്.പി ആർ.ബിനു വന്നതോടെ നഗരസഭാ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് അനുവദിച്ചു. സ്റ്റേഷനോട് ചേർന്ന പഴയ കെട്ടിടത്തിൽ ലൈസൻസില്ലാതെ വ്യത്തിഹീനമായ അന്തരീക്ഷത്തിലാണ് കാന്റീൻ പ്രവർത്തിച്ചിരുന്നതെന്നും ആഹാരം പാചകം ചെയ്യുന്ന രണ്ട് ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലെന്നും പരിശോധനയിൽ കണ്ടെത്തി. മാലിന്യം നീക്കാനുള്ള സൗകര്യങ്ങളുമില്ല. ഇത് സംബന്ധിച്ച് മുനിസിപ്പൽ സെക്രട്ടറിക്ക് നൽകാൻ ജീവനക്കാർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് വാങ്ങിയ ശേഷം മാലിന്യം നീക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്ന മറുപടിയും പൊലീസ് രേഖാമൂലം നൽകി.
ഹെൽമെറ്റ് തർക്കം
നഗരസഭ ചെയർമാൻ അഡ്വ. എൻ.ശിവദാസൻ ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് സി.ഐ ഗോപകുമാർ 500 രൂപ പിഴ ഈടാക്കിയിരുന്നു. ശിവദാസനെ തടയുന്നതും ഇരുവരും തമ്മിൽ തർക്കിക്കുന്നതും വഴിയാത്രികൻ മൊബൈലിൽ പകർത്തിയത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
ഇതിനു ശേഷമാണ് പൊലീസ് കാന്റീൻ പരിശോധിക്കാൻ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തിയത്.