ആലപ്പുഴ:കൊറോണ വ്യാപന പ്രതിരോധത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ജില്ലയിലെ 72 ഗ്രാപഞ്ചായത്ത് ഓഫീസുകളും അവധി ദിവസങ്ങൾ ഉൾപ്പടെ എല്ലാ ദിവസങ്ങളിലും പൂർണ്ണമായും പ്രവർത്തന സജ്ജം.
ഇന്നലെ വരെ കമ്മ്യൂണിറ്റി കിച്ചണിന്റെ ആവശ്യകത കണ്ടെത്തിയ 72 ഗ്രാമപഞ്ചായത്തുകളിലേക്കായി 100 കിച്ചണുകൾ ആരംഭിച്ചു. ഇവിടുന്ന് 1573 അതിഥി തൊഴിലാളികൾക്ക് ഉൾപ്പെടെ 11,416 പേർക്ക് ഭക്ഷണം വിതരണം ചെയ്തു. ഇതിൽ 8170 പേർക്കും സൗജന്യമായാണ് നൽകിയത്. 3509 നിർദ്ധനരും 2069 അഗതികളും 1057 കിടപ്പ് രോഗികളും 102 ഭിക്ഷാടകരും ഉൾപ്പെടുന്നു. കമ്മ്യൂണിറ്റി കിച്ചണുകളിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കാതിരുന്ന അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ അവരുടെ ഭക്ഷണത്തിന് ആവശ്യമായ സാമഗ്രികൾ ഗ്രാമപഞ്ചായത്തുകൾ എത്തിച്ചു കൊടുത്തു.
കുടുംബശ്രീ യൂണിറ്റുകൾക്കാണ് കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിന്റെ ചുമതല. ഇവിടെ നിന്നു ഓർഡർ അനുസരിച്ച് ഭക്ഷണം വീട്ടിലെത്തിച്ചു നൽകും. ഒരു ഊണിന് 20 രൂപയാണ് നിരക്ക്. അവശവിഭാഗങ്ങൾകുളള ഭക്ഷണത്തിന്റെ വില പഞ്ചായത്തുകൾ നൽകും. സന്നദ്ധ പ്രവർത്തകർ വഴിയാണ് ഭക്ഷണം വീടുകളിൽ എത്തിക്കുന്നത്. 7181 വാളണ്ടിയർമാർ 72 പഞ്ചായത്തുകളിലായി നേരിട്ടു രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾക്ക് അവധിയും ജോലി ക്രമീകരണവും ഉണ്ടെങ്കിലും ഭരണസമിതിക്കൊപ്പം നിന്നു പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കുന്നതിൽ ലോക്ക് ഡൗൺ ദിവസം മുതൽ പഞ്ചായത്ത് സെക്രട്ടറിമാരും ജീവനക്കാരും രംഗത്തുണ്ട്. ജില്ലാതലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 9496043600, 9496043601, 9446319714