ചേർത്തല: ലോക്ക് ഡൗണിനെത്തുടർന്ന് ഉത്തർപ്രദേശിലെ അമേഠി ഗൗരിഗഞ്ചിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ കുടുങ്ങിയ മലയാളികളായ നൂറോളം 9-ാം ക്ലാസ് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്ത്.
ആലപ്പുഴ ചെന്നിത്തല, തിരുവനന്തപുരം,കൊല്ലം,എറണാകുളം,വയനാട് എന്നീ ജില്ലകളിലെ കുട്ടികളാണ് കഴിഞ്ഞ വർഷം ജൂണിൽ പഠനത്തിനായി അമേഠിയിലെത്തിയത്. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ ഒരുവർഷം ഉത്തരേന്ത്യയിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠനം നടത്തണമെന്ന് നിബന്ധനയുണ്ട്. കഴിഞ്ഞ മാർച്ച് 20ന് ഇവരുടെ പരീക്ഷ കഴിഞ്ഞിരുന്നു. 29ന് കേരളത്തിലേക്ക് മടങ്ങാൻ ട്രെയിനും ബുക്കു ചെയ്തു. ഇതിനിടെയാണ് കൊറോണയുടെ ഭാഗമായി രാജ്യം മുഴുൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 22ന് പ്രത്യേക വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങാൻ ശ്രമം നടത്തിയെങ്കിലും അമേഠിയിൽ നിന്ന് വിമാനത്താവളത്തിൽ എത്താൻ വാഹനം ലഭിച്ചില്ല.
ഒരു വർഷമായി വീട്ടിൽ നിന്നു വിട്ടു നിൽക്കുന്ന വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മാതാപിതാക്കൾ പറയുന്നു.13 വയസുമാത്രമുള്ള ഇവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിച്ചെങ്കിലും നടപടി വൈകുകയാണ്. കുട്ടികൾ സുരക്ഷിതരാണെന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പാണ് കുടുംബങ്ങൾക്ക് തെല്ല് ആശ്വാസം നൽകുന്നത്.