ചേർത്തല: വയലാർ പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ വാഹനം സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വയലാർ ബാറ്ററി വളവിന് സമീപം റോഡരികിലായിരുന്നു ഓട്ടോ ടാക്‌സി വാഹനം പാർക്ക് ചെയ്തിരുന്നത്. പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചിരുന്നതാണ് വാഹനം. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ 136 രോഗികളുടെ വീടുകളിൽ എത്തുന്നത് ഈ വാഹനത്തിലാണ്. വാഹനത്തിന്റെ മുൻഭാഗത്തേയും ഇരുവശങ്ങളിലെയും ചില്ലാണ് തകർത്തത്. ഇന്നലെ രാവിലെയാണ് സംഭവം അറിയുന്നത്. ചേർത്തല പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു,ആരോഗ്യസ്ഥിരം സമിതി ചെയർമാൻ യു.ജി. ഉണ്ണി എന്നിവർ ആവശ്യപ്പെട്ടു.