ഹരിപ്പാട്: മത്സ്യത്തൊഴിലാളികൾക്ക് 5000 രൂപ പലിശരഹിത വായ്പ നൽകുമെന്ന മത്സ്യഫെഡ് ചെയർമാന്റെ പ്രസ്താവന പൊളളത്തരമാണെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.കെ.ബേബി പ്രസ്താവനയിൽ പറഞ്ഞു.
98 ശതമാനം തൊഴിലാളികളും വായ്പാ മാനദണ്ഡത്തിന് പുറത്താണ്. മത്സ്യത്തൊഴിലാളി സംഘങ്ങളുടെ കീഴിൽ തീരദേശ മത്സ്യലേലം നടത്തുന്ന വള്ളങ്ങളിലെ തൊഴിലാളികളാണ് വായ്പ പരിധിയിൽ വരുന്നത്. വളരെ കുറച്ച് പേർ മാത്രമാണ് സംഘങ്ങളുമായി ചേർന്ന് മത്സ്യ ലേലത്തിൽ പങ്കെടുക്കുന്നത്. മത്സ്യഫെഡ് നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ രണ്ടു ശതമാനം തൊഴിലാളികളാണ് വായ്പ പരിധിയിൽ വരുന്നത്. എല്ലാ മത്സ്യത്തൊഴിലാളികൾക്കും വായ്പ നൽകാൻ മത്സ്യഫെഡ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.