p-n-raghavan

അടിമാലി: എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രം എഴുതി പൂർത്തീകരിക്കാനാവാതെ പി.എൻ. രാഘവൻ യാത്രയായി. ഹൃദയാഘാതമായിരുന്നു മരണകാരണം. എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ മുൻ പ്രസിഡന്റും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്നു പി.എൻ രാഘവൻ എന്ന പി.എൻ.
55 വർഷമായി ശ്രീ നാരായണ ധർമ്മ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊണ്ട പി.എൻ ആണ് അടിമാലി യൂണിയന്റെ ആസ്ഥാന മന്ദിര നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്.
ബൈസൺവാലി ഗുരുമന്ദിരം നിർമ്മാണം പൂർത്തിയാക്കിയതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. 1951ൽ ബൈസൺവാലിയിൽ എത്തി ഹൈറേഞ്ചിലെ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി. ബൈസൺവാലി ശാഖ സെക്രട്ടറി, പ്രസിഡന്റ്, അടിമാലി യൂണിയൻ കൗൺസിലർ, യൂണിയൻ സെക്രട്ടറി, പ്രസിഡന്റ്, യോഗം ബോർഡ് അംഗം, യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം, എസ്.ആർ.പി യുടെ ആരംഭകാല സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
അവസാന കാലത്ത് പുസ്തക രചനയിലായിരുന്നു. ആത്മകഥയായ 'സ്മൃതിപഥങ്ങൾ' കഴിഞ്ഞ വർഷം അടിമാലി നളന്ദ പബ്ലിക്കേഷൻസ് പുറത്തിറക്കി. എസ്.എൻ.ഡി.പി യോഗചരിത്രം എന്ന അടുത്ത പുസ്തകത്തിന്റെ രചനയിലായിരുന്നു. ശ്രീനാരായണ ഗുരുവും കുമാരനാശാനും ഡോ.പല്പുവും കൂടിക്കാഴ്ച നടത്തിയതു വരെ എഴുതി നിറുത്തിയപ്പോഴേക്കും യാത്രപറയേണ്ടിവന്നു.