ഇൻഷ്വറൻസ് പോലുമില്ലാതെ വ്യാപാരികളുടെ കൊറോണക്കാലം
ആലപ്പുഴ: അവശ്യ സർവീസുകൾ പലതും ഇൻഷ്വറൻസ് പരിരക്ഷയിലാക്കിയിട്ടും സംസ്ഥാനത്തെ വ്യാപാര മേഖലയ്ക്ക് അവഗണന. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും നിർബന്ധമായും തുറന്നിരിക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ വ്യാപാരികളുടെ ആരോഗ്യ പരിരക്ഷയ്ക്ക് യാതൊരു സംരക്ഷണവും നൽകുന്നില്ലെന്നാണ് ആക്ഷേപം. പ്രളയസമയത്ത് ലഭിക്കാത്ത സഹായം കൊറോണക്കാലത്ത് പ്രതീക്ഷിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.
സംസ്ഥാനത്ത് മെഡിക്കൽസ്റ്റോർ, പലചരക്ക്, റേഷൻകട, പച്ചക്കറി, ബേക്കറി തുടങ്ങിയ കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂർ പ്രവർത്തിക്കാം. ദിവസവും നിരവധി ഉപഭോക്താക്കളുമായി ഇടപഴകുന്ന സാഹചര്യത്തിൽ രോഗം വരുമോ എന്ന ഭയത്തിലാണ് കച്ചവടം തുടരുന്നതെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട കടകളിൽ ഹോൾസെയിലായി ആവശ്യത്തിന് സാധനങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ്. റേഷൻ വിതരണക്കാർക്കുൾപ്പടെ മാസ്കോ, ഗ്ലൗസോ ലഭ്യമായിട്ടില്ല.
നിറംമങ്ങി സ്വർണ വിപണി
സംസ്ഥാനത്തെ സ്വർണ വ്യാപാരികളിൽ 90 ശതമാനവും ചെറുകിടക്കാരാണ്. ബുക്കിംഗിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി ആഭരണം നിർമ്മിച്ച് കൊടുക്കുന്നവരാണ് ഏറിയ പങ്കും. അപ്രതീക്ഷിതമായി ലോക്ക് ഡൗണിലായതോടെ കല്യാണ പാർട്ടികൾക്ക് ആഭരണങ്ങൾ സമയത്ത് നൽകാൻ സാധിക്കുന്നില്ല. പണവും തിരിച്ചുകൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഭയന്ന് റേഷൻകടക്കാർ
സൗജന്യ റേഷൻ വിതരണം നാളെ ആരംഭിക്കുന്നതോടെ എത്താൻ പോകുന്ന ജനക്കൂട്ടത്തെ ഭയപ്പെടുന്നതായി റേഷൻ വ്യാപാരികൾ പറയുന്നു. റേഷൻ കാർഡ് ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാം. ആയിരം കാർഡുകൾ വരെയുള്ള കടകളുണ്ട്. നിരവധി പേർ ഒരുമിച്ചെത്തുന്ന സാഹചര്യമുണ്ടാകും.
................................................
കടകളിലെ സകല സാധനങ്ങളും പ്രളയം കവർന്ന കാലത്ത് പോലും സർക്കാർ നയാ പൈസയുടെ സഹായം നൽകിയിട്ടില്ല. സെസ് ഏർപ്പെടുത്തി ദ്രോഹിക്കുകയും ചെയ്തു. സ്വന്തം ജീവൻ പണയം വെച്ചാണ് വ്യാപാരികൾ കട തുറന്നിരിക്കുന്നത്. അതിനാൽ ഇൻഷ്വറൻസ് പരിരക്ഷയിൽ വ്യാപാരികളെയും ഉൾപ്പെടുത്തണം
(രാജു അപ്സര, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി)
...........................................
ആവശ്യമായ സുരക്ഷാ നടപടികൾ സർക്കാർ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. റേഷൻ കട ലൈസൻസിക്കും സെയിൽസ്മാനും ഇൻഷ്വറൻസ് പരിരക്ഷയും ആശ്വാസ ധനസഹായവും ഏർപ്പെടുത്തണം
(എൻ.ഷിജീർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ)