photo

 പുതിയ കണ്ടുപിടിത്തവുമായി വീണ്ടും കെ.സി. ബൈജു

ചേർത്തല: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൊതുഇടങ്ങളിലെ വാതിലുകളിൽ സ്ഥാപിക്കാൻ കഴിയുന്ന ആട്ടോമാറ്റിക് സാനിട്ടൈസർ നിർമ്മിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരൻ കെ.സി. ബൈജു രംഗത്ത്. തിരുവനന്തപുരം വൈദ്യുതി ഭവനിൽ ചീഫ് സേഫ്ടി കമ്മിഷണറുടെ കീഴിൽ സുരക്ഷ ഇന്നൊവേഷൻ അസി.എൻജിനീയറാണ്, ഇതിനോടകം നാൽപ്പതിലേറെ കണ്ടുപിടിത്തങ്ങൾക്ക് ഉടമയായ പട്ടണക്കാട് മേനാശേരി വിസ്മയം (വടക്കേ കളരിക്കൽ) വീട്ടിൽ ബൈജു.

ഈ ഉപകരണം സ്ഥാപിച്ചിട്ടുള്ള വാതിലിന്റെ കൈപ്പിടിയിൽ ഒരാൾ സ്പർശിക്കാൻ വരുമ്പോൾ, സ്പർശിക്കുന്നതിന് തൊട്ടുമുമ്പായി (ഹാൻഡിലിനു സമീപത്ത് എത്തുമ്പോൾത്തന്നെ) ആ കൈപ്പിടിയിൽ പൊതിഞ്ഞിരിക്കുന്ന പ്രത്യേക കവചത്തിലേക്ക് കൃത്യമായ അളവിൽ ആൽക്കഹോളിക് സാനിട്ടൈസർ ലായനി ആട്ടോമാ​റ്റിക്ക് ആയി എത്തും. അങ്ങനെ ഹാൻഡിൽ സാനി​ട്ടൈസ് ചെയ്ത് വൈറസ് വിമുക്തമാകുന്നു. ഈ സംവിധാനം തന്നെ ചെറിയ മാ​റ്റങ്ങൾ വരുത്തി ഭിത്തിയിലോ മ​റ്റ് സ്ഥലങ്ങളിലോ സ്ഥാപിച്ചാൽ സാനി​ട്ടൈസറിൽ കൈകൊണ്ടു നേരിട്ടു സ്പർശിക്കാതെ ആട്ടോമാ​റ്റിക്ക് ആയി കൈയിലേക്ക് സാനി​ട്ടൈസർ ലായനി സ്‌പ്രേ ചെയ്യപ്പെടുന്ന വിധം സംവിധാനമൊരുക്കാനാവും.

സാനിട്ടൈസറുകളുടെ കുപ്പിയിൽ സ്‌പ്രേ ചെയ്യാനുള്ള ഭാഗത്തു കൈകൊണ്ട് പിടിച്ചാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്. നിരവധി ആളുകൾ ഇത് ഉപയോഗിക്കുമ്പോൾ ഈ ഭാഗത്ത് വൈറസ് ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. ബാങ്കുകൾ, ആശുപത്രികൾ,ഓഫീസുകൾ തുടങ്ങി നിരവധിയിടങ്ങളിൽ സാനിട്ടൈസർ വച്ചിട്ടുണ്ടെങ്കിലും കൈ കഴുകിയ ശേഷമായിരിക്കും വാതിൽ തുറക്കാൻ സാധിക്കുക. ആ വാതിൽപ്പിടിയിൽ അതിനു മുമ്പു വൈറസ് വാഹകരായ ആരെങ്കിലും കൈ കഴുകാതെ പിടിച്ചിട്ടുണ്ടെങ്കിൽ ഇവിടെ സ്പർശിക്കുന്ന ആളിലേക്കും വൈറസ് പകരാൻ സാദ്ധ്യതയുണ്ട്. മേൽപ്പറഞ്ഞ രണ്ടു പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുന്നതാണ് പുത്തൻ ഉപകരണം.
പരീക്ഷണാടിസ്ഥാനത്തിൽ മാതൃക നിർമ്മിച്ചപ്പോൾ സാധന സാമഗ്രികൾക്കായി 600 രൂപയോളം മാത്രമാണ് ചെലവ് വന്നത്. സംസ്ഥാന സർക്കാരിന്റെ ഊർജ്ജസംരക്ഷണ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും ഇതിനോടകം ബൈജു നേടിയിട്ടുണ്ട്. ചില കണ്ടുപിടിത്തങ്ങൾ കെ.എസ്.ഇ.ബി നടപ്പാക്കി. വൈക്കം ആശ്രമം സ്‌കൂൾ അദ്ധ്യാപിക അശ്വതിയാണ് ഭാര്യ. മകൻ: അക്ഷയ്‌ ബൈജു.

 സാങ്കേതിക വിദ്യ കൈമാറാം

ആൾക്കാരുടെ സാന്നിദ്ധ്യം അറിയുന്ന ഇൻഫ്രാറെഡ് സെൻസർ,കൺട്രോൾ സർക്യൂട്ട്,മൈക്രോ പമ്പ് / വാൽവ് ബാ​റ്ററി, സ്വിച്ച്, ചെറിയ കുഴലുകൾ,വാതിൽപ്പിടിയിൽ ഉറപ്പിക്കുന്ന പ്രത്യേക കവചം/ നോസിൽ, ആൽക്കഹോളിക് സാനി​ട്ടൈസർ ലായനി സംഭരിച്ചു വയ്ക്കുന്നതിനുള്ള പ്രത്യേക കുപ്പി തുടങ്ങിയവയാണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങൾ. സാനിട്ടൈസർ ലായനി തീരുന്ന മുറയ്ക്ക് വീണ്ടും നിറച്ചുകൊടുക്കണം. കൈകൊണ്ടു നിർമ്മിച്ച, പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ മാതൃക വിജയകരമായിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാൻ താത്പര്യമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യ തികച്ചും സൗജന്യമായി കൈമാറുമെന്ന് ബൈജു പറഞ്ഞു.