ആലപ്പുഴ: കുട്ടനാട്ടിൽ കൊയ്ത്ത് ഊർജ്ജിതമാക്കി നെല്ല് സംഭരണം കുറ്രമറ്റതാക്കാൻ സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തുമ്പോഴും കൊയ്ത്തിനും സംഭരണത്തിനും വേണ്ടത്ര വേഗത പോരെന്ന് കർഷകർ.അമ്പത് ശതമാനം കൊയ്ത്ത് കഴിഞ്ഞപ്പോൾ 56,000 മെട്രിക് ടൺ നെല്ലാണ് 5,600 ലോഡുകളായി സംഭരിച്ചു കൊണ്ടുപോയത്.
കൊയ്ത്ത് യന്ത്രങ്ങളും സംഭരിക്കുന്ന നെല്ല് കൊണ്ടുപോകാനുള്ള ലോറികളും യഥേഷ്ടമുണ്ടെങ്കിലും ഇനിയും അമ്പതു ശതമാനത്തിലേറെ പാടശേഖരങ്ങളിൽ കൊയ്ത്ത് ബാക്കിയാണ്.നീലംപേരൂർ,കാവാലം, വെളിയനാട്, രാമങ്കരി, മുട്ടാർ, ചമ്പക്കുളം, നെടുമുടി, തകഴി, എടത്വ, തലവടി പഞ്ചായത്തുകളിലാണ് പ്രധാനമായും കൊയ്ത്ത് പുരോഗമിക്കുന്നത്. ഏപ്രിൽ 15 നുള്ളിൽ കൊയ്ത്ത് തീർക്കാനുള്ള കഠിനാദ്ധ്വാനമാണ് നടത്തുന്നത്.
കൊറോണ ഭീതി കാരണം സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിച്ചും സംഭരിക്കുന്ന നെല്ല് കൊണ്ടുപോകേണ്ട ലോറി ഡ്രൈവർമാർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി നിയന്ത്രണം ഉറപ്പാക്കിയുമാണ് സംഭരണം നടക്കുന്നത്.ചാക്കുകളിലാക്കുന്ന നെല്ല് ലോറികളിൽ ചുമന്ന് കയറ്റുന്നതിന് വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തത് ചില ഭാഗത്തെങ്കിലും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
വേഗത്തിൽ സംഭരണം പൂർത്തിയാക്കും
കൊയ്ത്ത് കഴിഞ്ഞ പാടത്തു നിന്ന് കഴിയുന്നത്ര വേഗത്തിൽ നെല്ല് സംഭരിച്ച് മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് ആവുന്നത്ര വേഗത്തിൽ ലഭ്യമാക്കാനും നടപടി സ്വീകരിക്കും.
രാജേഷ് കുമാർ.എസ്,
പാഡി ഓഫീസർ