ഉൾപ്രദേശങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ ആവശ്യത്തിന് മരുന്നില്ല
ആലപ്പുഴ: അവശ്യ സർവീസായതിനാൽ മെഡിക്കൽ സ്റ്റോറുകൾക്ക് ലോക്ക് ഡൗൺ ബാധകമല്ലെങ്കിലും ആവശ്യമുള്ള പല മരുന്നുകളും ഉൾപ്രദേശങ്ങളിലെ സ്റ്റോറുകളിൽ ലഭ്യമല്ലാത്തത് രോഗികളെ വലയ്ക്കുന്നു.
സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ പരിശോധനാ കേന്ദ്രത്തിന് തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽ മാത്രമേ പലപ്പോഴും ലഭിക്കാറുള്ളൂ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മരുന്നു വാങ്ങാനായി ദൂരെയുള്ള സ്റ്റോറിലേക്ക് പോകാമെന്നു വച്ചാൽ പൊലീസ് തടയും! ഇതോടെ ഏതെങ്കിലും സ്റ്റോറിൽ ചെന്ന്, സ്ഥിരം ഉപയോഗിക്കുന്ന മരുന്നിന് സമാനമായവ വാങ്ങുകയാണ് പലരും. മരുന്ന് വാങ്ങാൻ പോലും ശേഷിയില്ലാത്ത രോഗികൾക്ക് ആട്ടോറിക്ഷക്കൂലി കൊടുത്ത് ദൂരെയുള്ള സ്റ്റോറുകളിലെത്തുക പ്രായോഗികമല്ല.
കുറിപ്പടി ശരണം
ആലപ്പുഴ നഗരസഭ പരിധിയിലുള്ള വയോജനങ്ങളുടെ ആരോഗ്യക്ഷേമത്തിനായി നഗരസഭ നടപ്പിലാക്കുന്ന പദ്ധതിയാണ് വയോമിത്രം. ഡോക്ടർ നഗരസഭയിലെ ഓരോ വാർഡിലുമെത്തി പരിശോധന നടത്തി മരുന്ന് നൽകുന്നതാണ് പദ്ധതി. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഈ മാസം പരിശോധന നടന്നിട്ടില്ല. ഇതോടെ രോഗികളുടെ കുറിപ്പടികൾ വയോമിത്രം ഓഫീസുകളിൽ എത്തിച്ച് മരുന്ന് കൊടുത്തുവിടാനുള്ള ശ്രമമാണ്.
തിരക്കൊഴിയാതെ
ടെലിമെഡിസിൻ പദ്ധതി ക്ലിക്കായതോടെ മെഡിക്കൽ സ്റ്റോറുകളിൽ തിരക്കോട് തിരക്കാണ്. രോഗലക്ഷണങ്ങൾ ഫോണിലൂടെ ഡോക്ടറെ അറിയിക്കുന്ന മുറയ്ക്ക് ചികിത്സയും മരുന്നുകളും നിർദേശിക്കുന്നതാണ് ടെലിമെഡിസിൻ. രോഗികൾക്ക് യാത്ര ഉൾപ്പടെ ഒഴിവാക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
...........................
എല്ലാ മാസവും ഡോക്ടർ വാർഡിലെത്തി പരിശോധിക്കുമായിരുന്നു. മരുന്നും സൗജന്യമായി ലഭിക്കും. ഇത് ആശ്വാസമായിരുന്നു. ഇപ്പോൾ പരിശോധന ഒഴിവാക്കിയതിനാൽ പരിശോധന രേഖപ്പെടുത്തുന്ന പുസ്തകം നഗരസഭയ്ക്ക് കൈമാറിയിട്ടുണ്ട്. അവർ മരുന്നെത്തിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്
ഗിരിജ ( വയോമിത്രം പദ്ധതി ഗുണഭോക്താവ്)