ഔദ്യോഗികകൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന് നഗരസഭ
കായംകുളം: ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന നീക്കം പാളിയതോടെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിന് കായംകുളം സി.ഐയ്ക്കെതിരെ നഗരസഭ പൊലീസിൽ പരാതി നൽകി.
പൊലീസ് സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കാന്റീൻ പരിശോധിയ്ക്കുവാനും നടപടി സ്വീകരിയ്ക്കുവാനും നഗരസഭയ്ക്ക് അധികാരം ഉണ്ടോ എന്നതാണ് പ്രശ്നമെന്നും ലോക്ക് ഡൗൺ കഴിഞ്ഞാൽ സംഭവത്തിൽ സംസ്ഥാന സർക്കാർ തന്നെ ഇടപെടുമെന്നും നഗരസഭ ചെയർമാൻ അഡ്വ..എൻ.ശിവദാസൻ പറഞ്ഞു. ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ നഗരസഭയുടെ പ്രവർത്തനം തന്നെ പൂർണ്ണമായി സ്തംഭിയ്ക്കുന്ന അവസ്ഥയിൽ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊറോണ പ്രതിരോധ സമയത്ത് ആരോഗ്യ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തിയതിനും തടഞ്ഞുവെച്ച് അധികാര ദുർവിനിയോഗം നടത്തിയതിനുമാണ് നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്.
എഫ്.ഐ.ആർ കോടതിയിൽ നൽകി
പൊലീസ് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ പൊലീസ് കോടതിയിൽ സമർപ്പിച്ചു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭയും പൊലീസും ഒന്നിച്ച് നീങ്ങണമെന്നായിരുന്നു പൊലീസ് ചീഫ് പങ്കെടുത്ത യോഗത്തിൽ ധാരണയായത്. ശനിയാഴ്ച കായംകുളം പൊലീസ് സ്റ്റേഷനിലെ കാന്റീനിൽ പരിശോധനയ്ക്ക് എത്തിയ നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ ഗീത, ഹെൽത്ത് ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, സലിം, ഡ്രൈവർ സതീശൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറിനുശേഷം നഗരസഭ സെക്രട്ടറി ഇവരെ ജാമ്യത്തിലിറക്കി.
സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞ് ഡിവൈ.എസ്.പി ആർ.ബിനു വന്നതോടെ നഗരസഭാ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് അനുവദിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് നഗരസഭ ചെയർമാൻ അഡ്വ. എൻ.ശിവദാസൻ ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് സി.ഐ ഗോപകുമാർ 500 രൂപ പിഴ ഈടാക്കിയിരുന്നു. ശിവദാസനെ തടയുന്നതും ഇരുവരും തമ്മിൽ തർക്കിക്കുന്നതും വഴിയാത്രികൻ മൊബൈലിൽ പകർത്തിയത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ഇതിനു ശേഷമാണ് പൊലീസ് കാന്റീൻ പരിശോധിക്കാൻ നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തിയത്.