പൂച്ചാക്കൽ: ഹോട്ടലുകളിലെ ഭക്ഷണ മാലിന്യവും അറവുശാലകളിലെ അവശിഷ്ടങ്ങളും കിട്ടാതായതോടെ, വിശന്നു പൊരിയുന്ന തെരുവ് നായ്ക്കൾ നെട്ടോട്ടത്തിൽ. നായ്ക്കളുടെ കടി പേടിച്ച് ആരും ഭക്ഷണം കൊടുക്കുന്നില്ലെന്ന് മാത്രമല്ല, വിരട്ടി ഓടിക്കാനാണ് ശ്രമിക്കുന്നത്. ഭക്ഷണം കിട്ടാത്തതു കൊണ്ട് നായ്ക്കൾ തനി സ്വഭാവം പുറത്തെടുക്കുമോ എന്നാണ് നാട്ടുകാരുടെ ഭീതി.

പൂച്ചാക്കൽ മേഖലയിലെ പാണാവള്ളി, തൈക്കാട്ടുശേരി പഞ്ചായത്തുകളിൽ ആയിരക്കണക്കിന് തെരുവ് നായ്ക്കളാണുള്ളത്. ഇവയെയൊക്കെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കാൻ 2018 ൽ കണിച്ചുകുളങ്ങര മൃഗാശുപത്രിയിൽ വന്ധ്യംകരണ കേന്ദ്രം തുടങ്ങിയതാണ്. ജില്ലാ പഞ്ചായത്തിനായിരുന്നു ചുമതല. എന്നാൽ ഗ്രാമ പഞ്ചായത്തുകളുടെ നിസഹകരണം മൂലം പദ്ധതി പാതിവഴിയിൽ നിലച്ചു. വന്ധ്യംകരണത്തോടൊപ്പം പേ വിഷത്തിനുള്ള കുത്തിവെയ്പും നടത്തുന്നത് കൊണ്ട്, ആളുകൾക്ക് ഭയരഹിതമായി സഞ്ചരിക്കുവാൻ സാധിക്കുമായിരുന്നു .ഇപ്പോൾ കാര്യങ്ങളെല്ലാം പഴയപടിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം സ്ഥലം കണ്ടെത്തി മതിൽ കെട്ടി തിരിച്ച്, നായ്ക്കളെ വന്ധ്യംകരിച്ച്, കൃത്യമായി ഭക്ഷണം നൽകി സംരക്ഷിക്കണമെന്നാണ് കേന്ദ്ര മൃഗസംരക്ഷണവകുപ്പും സംസ്ഥാന സർക്കാരും നിർദ്ദേശിക്കുന്നത്. അതിനായുള്ള പദ്ധതികൾ എത്രയും വേഗം നടപ്പാക്കണമെന്നാണ് സൊസൈറ്റി ഫോർ പ്രിവെൻഷൻ ക്രുവൽറ്റി ടു ആനിമൽ നിർദ്ദേശിക്കുന്നത്.