വാറ്റ് നടത്തിയത് വീട്ടിൽ
ചാരുംമൂട്: താമരക്കുളം കണ്ണനാകുഴി ഭാഗത്തെ വീട്ടിൽ നൂറനാട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 250 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി വയോധിക അറസ്റ്റിൽ. കണ്ണനാകുഴി രാജീവ് ഭവനത്തിൽ രാജമ്മ (അച്ചാമ്മ-75) ആണ് പിടിയിലായത്.
ഒരു ലിറ്റർ ചാരായം ആയിരം രൂപ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് ഒരു ചെറിയ കുപ്പി ചാരായം സൗജന്യമായി നൽകിയിരുന്നു. പിടിക്കപ്പെടാൻ സാദ്ധ്യതയുള്ളള്ളതിനാൽ തന്റെ വീട്ടിലിരുന്ന് ചാരായം കഴിക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. എക്സൈസിന്റെ രാത്രികാല പരിശോധന ശക്തമായതോടെ പകൽ സമയത്താണ് ഇവർ വാറ്റ് നടത്തിയിരുന്നത്. വാറ്റ് സമയത്ത് മണം പുറത്തറിയാതിരിക്കാൻ ചന്ദനത്തിരിയും സാമ്പ്രാണിയും പുകച്ചതിന്റെ അവശിഷ്ടങ്ങൾ വീട്ടിൽ നിന്നു ലഭിച്ചു. ഇവർ മുമ്പും ചാരായക്കേസിൽ പ്രതിയായിട്ടുണ്ട്. ഒരു മാസത്തോളമായി ഈ വീടും പരിസരവും എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. വാറ്റിന് മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സി.ഇ.ഒ മാരായ അശോകൻ, താജുദ്ദീൻ, രാജീവ് എന്നിവരും പങ്കെടുത്തു.