ആലപ്പുഴ: പ്രധാനമാർക്കറ്റുകൾ, ബാങ്കുകൾ, അവശ്യസാധനങ്ങൾ വില്ക്കുന്ന കടകൾ എന്നിവയ്ക്കുമുമ്പിൽ ആളുകൾ നിശ്ചിത അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സ്ഥാപനഉടമകൾക്കാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ആളുകൾ ക്യൂ നിൽക്കുമ്പോഴുള്ള നിശ്ചിത അകലം സ്ഥാപനങ്ങൾക്കു മുമ്പിൽ ഭൂമിയിൽ അടയാളപ്പെടുത്തിയിരിക്കണം. സ്ഥാപനങ്ങൾക്കുമുമ്പിൽ സോപ്പുപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യവും സാനിറ്റൈസറും ഒരുക്കിയിരിക്കണം. ഇത്തരം നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനമുടമയ്ക്കെതിരെ നടപടിയെടുക്കും. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, ട്രഷറികൾ എന്നിവയ്ക്കും ഈ നിർദേശങ്ങൾ ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.