 സൗജന്യ കിറ്റിൽ 18 ഇനങ്ങൾ

ആലപ്പുഴ: സംസ്ഥാനത്ത് നാളെ ആരംഭിക്കുന്ന സൗജന്യ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്കു മുന്നിൽ ജനക്കൂട്ടം ഒഴിവാക്കാനായി സിവിൽ സപ്ലൈസ് വകുപ്പ് ക്രമീകരണങ്ങൾ ഒരുക്കും. ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകളെ ക്യൂവിൽ നിറുത്തില്ല. ഗുണഭോക്താക്കൾ നിശ്ചിത അകലം പാലിക്കാനായി പോയിന്റുകൾ രേഖപ്പെടുത്തും.

രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും രണ്ട് മുതൽ അഞ്ച് വരെയുമാണ് റേഷൻകടകളുടെ പ്രവർത്തന സമയം. എ.എ.വൈ വിഭാഗക്കാർക്ക് കാർഡൊന്നിന് 30 കിലോഗ്രാം അരിയും 5 കിലോഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോഗ്രാം പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണന വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 15 കിലോ അരി സൗജന്യമായും കിലോയ്ക്ക് 17 രൂപ നിരക്കിൽ 3 കിലോഗ്രാം ആട്ടയും ലഭിക്കും. ഉച്ചയ്ക്കു മുമ്പ് മഞ്ഞ, പിങ്ക് കാർഡുകാർക്കും ഉച്ച കഴിഞ്ഞ് നീല, വെള്ള കാർഡുകാർക്കുമാണ് വിതരണം.

കൊറോണ പശ്ചാത്തലത്തിലുള്ള സൗജന്യ കിറ്റിന്റെ വിതരണവും നാളെ ആരംഭിക്കും. 18 ഇനങ്ങളാണ് കിറ്റിലുള്ളത്. ഇനങ്ങൾ: ഉപ്പ്, പഞ്ചസാര, ചെറുപയർ, കടല, റവ, ഉഴുന്ന് (ഒരു കിലോ വീതം), വെളിച്ചെണ്ണ (അര ലിറ്റർ), സൺഫ്ളവർ ഓയിൽ (ഒരുലിറ്റർ), ആട്ട (രണ്ടുകിലോ), തേയില, തുവരപ്പരിപ്പ് (250 ഗ്രാം വീതം), മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവ, കടുക് (100 ഗ്രാം വീതം), അലക്കുസോപ്പ് (രണ്ടെണ്ണം), തുണിസഞ്ചി (ഒരെണ്ണം)

ജില്ലാ സപ്ലൈ ഓഫീസ്, ആലപ്പുഴ :0477-2251674