എതിർപ്പുമായി സംഘടനകൾ
ആലപ്പുഴ: കൊറോണ നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് നാലു ദിവസത്തിനിടെ പുറപ്പെടുവിച്ചത് മൂന്നു ഉത്തരവുകൾ. ആദ്യം പുറപ്പെടുവിച്ച ഉത്തരവ് വിവാദമായതിനെത്തുടർന്ന് റദ്ദാക്കിയെങ്കിലും നാലാം ദിനം മോടിവരുത്തി ഈ ഉത്തരവ് തന്നെ വീണ്ടുമിറക്കി.
കഴിഞ്ഞ 27, 29, 30 തീയതികളിലാണ് ഉത്തരവുകൾ ഇറങ്ങിയത്. കടലിൽ മത്സ്യബന്ധനത്തിന് അനുവാദം നൽകിക്കൊണ്ടായിരുന്നു 27ന് ആദ്യ ഉത്തരവിറങ്ങിയത്. സി.ഐ.ടിയു ഒഴികെ മറ്റ് മത്സ്യത്തൊഴിലാളി സംഘsനകൾ അവഗണിച്ചതിനെ തുടർന്ന് 29ന് ഇത് റദ്ദാക്കി. എന്നാൽ അനുവാദം നൽകിക്കൊണ്ട് 30ന് വീണ്ടും ഉത്തരവിറക്കി. ട്രോളറുകൾ, യന്ത്രവത്കൃത മത്സ്യബന്ധന വള്ളങ്ങൾ എന്നിവ കടലിൽ പോകരുതെന്നും ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും കടപ്പുറത്തും മത്സ്യലേലം നടത്തരുതെന്നും കൂട്ടം കൂടി നിൽക്കരുതെന്നും ഉത്തരവിൽ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യം മത്സ്യഫെഡ്, ഫിഷറീസ് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹാർബർ വികസന സമിതി, സഹകരണ സംഘങ്ങൾ എന്നിവ മുഖേന വിൽക്കണമെന്നും നിർദേശിക്കുന്നു.
എന്നാൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യവില്പന നടത്തുമ്പോൾ കടപ്പുറത്ത് ജനബാഹുല്യമുണ്ടാകുമെന്നും ഇത് ലോക് ഡൗണിന് വിരുദ്ധവും നിരോധാനജ്ഞയുടെ ലംഘനവും ആകുമെന്നും മത്സ്യത്തൊഴിലാളി നേതാക്കൾ പറയുന്നു. വിവാദ ഉത്തരവ് തൊഴിലാളികളികൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കുമെന്നും ആക്ഷേപമുണ്ട്. സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനൾക്ക് എതിരാണ് ഫിഷറസീസ് വകുപ്പിന്റെ ഉത്തരവെന്നും നേതാക്കൾ ആരോപിക്കുന്നു.