കൊറോണ മൂലം മത്സ്യവിപണിയിൽ തീവില
ആലപ്പുഴ: മത്തി കിലോ 500 രൂപ. ഫ്രീസറിൽ ഇരുന്ന് വിറങ്ങലിച്ചതാണെങ്കിലും ചൂര കിലോ 200 രൂപ, ചെമ്മീന് 250 രൂപ. സർവ്വ മേഖലകളെയും തകർത്തടുക്കുന്ന കൊറോണ മത്സ്യമേഖലയിൽ വിലക്കയറ്റത്തിന്റെ സുനാമിതന്നെ സൃഷ്ടിച്ചിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിലുള്ള നിരോധനാജ്ഞയെത്തുടർന്ന് വള്ളങ്ങൾ കടലിൽ പോവാത്തതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്.
സാധാരണക്കാർക്ക് മത്സ്യമാർക്കറ്റിന്റെ അടുത്തുപോലും എത്താനാവാത്ത അവസ്ഥയിലാണ് വിലക്കയറ്റം. കടലിൽ വള്ളമോ ബോട്ടോ ഇറക്കുന്നതിന് നിലവിൽ തടസമില്ലെങ്കിലും കരയിലെ ലേലം ഉൾപ്പടെയുള്ള കച്ചവടരീതികൾക്ക് വിലക്കുണ്ട്. കടലിൽ നിന്ന് തിരിച്ചെത്തി 14 ദിവസം നിരീക്ഷണത്തിലിരിക്കുകയും വേണം. അതുകൊണ്ടു തന്നെ വിരലിലെണ്ണാവുന്ന തൊഴിലാളികൾ മാത്രമാണ് കടലിൽ പോകുന്നത്. മത്സ്യ ലഭ്യതയിലെ ഗണ്യമായ കുറവ് കൂടിയായപ്പോൾ അനുബന്ധ മേഖലകൾ ഉൾപ്പെടെ പൂർണമായും സ്തംഭിച്ച നിലയാണ്. കടലിൽ പോകുന്നവർ മുതൽ ചുമട് എടുക്കുന്നവർ, പീലിംഗ് തൊഴിലാളികൾ, മാർക്കറ്റിലെ കച്ചവടക്കാർ വരെ ആയിരക്കണക്കിന് പേരാണ് മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
കടപ്പുറത്തും ഹാർബറുകളിലും മത്സ്യലേലം നിരോധിച്ചിട്ടുണ്ട്. ന്യായവില നിശ്ചയിച്ച് ലേലം ഒഴിവാക്കണമെന്ന നിർദ്ദേശത്തോട് പലർക്കും യോജിപ്പില്ല. ലേല സമയത്ത് നൂറുകണക്കിന് ആളുകളാണ് കൂട്ടം കൂടുന്നത്. മത്സ്യം കൊണ്ടുപോകാനായി സൈക്കിൾ മുതൽ ലോറി വരെ നിരവധി വാഹനങ്ങളും എത്തും. പച്ചമീൻ വാങ്ങാൻ കടപ്പുറത്ത് നേരിട്ടെത്തുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇത്തരത്തിൽ ജനക്കൂട്ടം വർദ്ധിച്ചാൽ രോഗവ്യാപനത്തിനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
..................................
# ദുരിത വഴി
ബോട്ടുകാർക്ക് കിട്ടുന്നത് പത്തിൽതാഴെ കുട്ട മത്സ്യം
മുമ്പ് ഒരു ബോട്ടിന് കിട്ടിയിരുന്നത് നൂറു കുട്ടയിലേറെ
40 കിലോ വരുന്ന ഒരു കുട്ട മത്തിക്ക് നിലവിൽ 13,000 രൂപ
കടപ്പുറത്തെ വില്പനവില കിലോ 350 രൂപ
പൊതുവിപണിയിൽ എത്തുമ്പോൾ 500 രൂപ
കടലിൽ പോകുന്നവർക്ക് കടബാദ്ധ്യത മിച്ചം
...................................
# പാക്കേജ് വേണം
കൊറോണക്കാലത്ത് മാത്രമല്ല, മത്സ്യമേഖല സ്ഥിരമായി നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ദീർഘകാല പാക്കേജ് വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയും തൊഴിലുപകരണങ്ങൾ വാങ്ങിയവർ നാൾക്കുനാൾ കടക്കെണിയിലേക്ക് വീഴുകയാണ്.
കക്ക ഇറച്ചിക്ക് ഡിമാൻഡ്
മത്സ്യം കിട്ടാതായതോടെ കായലോര മേഖലകളിൽ സുലഭമായ കക്ക ഇറച്ചിക്ക് ആവശ്യക്കാരേറി. കക്കയുടെ വലിപ്പമനുസരിച്ച് വിലവ്യത്യാസമുണ്ട്. ഇടത്തരം കക്ക ഇറച്ചി കിലോയ്ക്ക് 35 രൂപയും വലുതിന് 60 രൂപയുമാണിപ്പോൾ. കുട്ടനാട്ടിൽ നിന്നും മുഹമ്മയിൽ നിന്നും കോരുന്ന കക്ക ഇറച്ചി നഗരത്തിലെത്തിച്ച് കച്ചവടം നടത്തുന്നവർ ഏറെയാണ്.
........................................
കേന്ദ്രപാക്കേജിൽ കർഷകർക്ക് 6,000 രൂപ വീതം അനുവദിച്ചപ്പോഴും മത്സ്യത്തൊഴിലാളികളെ പാടേ അവഗണിച്ചു. ഉപജീവനം നഷ്ടപ്പെട്ട തൊഴിലാളികൾക്കു വേണ്ടി ഒരു പാക്കേജ് പ്രഖ്യാപിക്കാനുള്ള സാദ്ധ്യതകൾ സംസ്ഥാന സർക്കാർ പരിശോധിക്കണം. നിലവിൽ മത്സ്യത്തൊഴിലാളികളുടെ പെൻഷൻ കുടിശിക നൽകിയത് ആശ്വാസകരമാണ്
(പി.പി.ചിത്തരഞ്ജൻ, മത്സ്യഫെഡ് ചെയർമാൻ)