ആലപ്പുഴ : പൊന്ന് വിളഞ്ഞിരുന്ന പുറക്കാട്ടെ മണക്കൽ പാടശേഖരം ഗാന്ധിസ്മൃതിവനത്തിന്റെ പേരിൽ വിസ്മൃതിയിലായിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞു. സ്മൃതിവനം അടുത്ത കാലത്തെങ്ങും നടക്കില്ലെന്നു ബോദ്ധ്യമായതോടെ എക്കോ ടൂറിസമെന്ന മറ്റൊരു ആശയം ഇടക്കാലത്തു പിറന്നുവീണെങ്കിലും ഇപ്പോൾ വനവുമില്ല, ടൂറിസവുമില്ല എന്നതാണ് അവസ്ഥ. പാടശേഖരമാവട്ടെ, കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമായി. പഞ്ചായത്തിന്റെ സഹകരണത്തോടെ വനംവകുപ്പ് കമ്മ്യൂണിറ്റി റിസർവ് പദ്ധതിയെ കുറിച്ച് ആലോചിച്ചെങ്കിലും സർക്കാർ അനുമതിക്ക് ശ്രമിക്കുന്നതിനിടെ കൊറോണ എത്തിയതോടെ തുടർ പ്രവർത്തനം നിശ്ചലമായി.
1994ലാണ് പുറക്കാട് മണക്കൽ കരിനിലത്ത് ദേശീയപാർക്കിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സ്ഥലം ഏറ്റെടുക്കാനായി അന്ന് കേന്ദ്രസർക്കാർ രണ്ടു കോടി നൽകി. തുടക്കം മുതൽ പദ്ധതിക്ക് സി.പി.എം എതിരായിരുന്നു. 1994 ഒക്ടോബർ രണ്ടിന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ സ്ഥാപിച്ച ശിലാഫലകം പിന്നീട് തകർക്കപ്പെട്ടു. കെ.ബി.ഗണേശ് കുമാർ മന്ത്രിയായിരിക്കെ ഇവിടെ രണ്ടു കോടിയുടെ എക്കോ ടൂറിസം പദ്ധതിക്ക് രൂപം നൽകി. കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനായിരുന്നു ചുമതല. ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും തുടർപ്രവർത്തനങ്ങളുണ്ടായില്ല. പഴയ പദ്ധതിയുമായി ഏകോപിപ്പിച്ചാണ് എക്കോടൂറിസം പദ്ധതി നടപ്പാക്കാൻ വനംവകുപ്പ് ലക്ഷ്യമിട്ടത്. സ്മൃതിവനം പദ്ധതി നടപ്പിലായാൽ ജില്ലയിൽ 687എക്കർ സ്ഥലത്ത് വനം സാദ്ധ്യമാകും. പദ്ധതി നടപ്പാകാതെ വന്നതോടെ പാടശേഖരം പാമ്പുകളുടെ താവളമായി മാറി. 20പേരുടെ ജീവനാണ് ഇവിടെ പാമ്പു കടിയേറ്റ് പൊലിഞ്ഞത്.
ദേശീയ പാർക്കിൽ ലക്ഷ്യമിട്ടത്
കണ്ടൽ വനം, ഔഷധസസ്യ ഗവേഷണ കേന്ദ്രം, പക്ഷി സങ്കേതം, ഡോൾഫിൻ വളർത്തൽ
കൃഷിക്കും നൽകില്ല
സ്മൃതിവനം പദ്ധതി പ്രദേശം കൃഷിക്കായി സർക്കാർ ലേലം ചെയ്തു നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചിത്തിര, മാർത്താണ്ഡം കായലുകളിൽ സർക്കാർ കൃഷിയിറക്കിയ അതേ മാതൃകയിൽ നെൽകൃഷി ഇറക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. കരിനിലമാണെങ്കിലും നല്ല വിളവ് ലഭിച്ച പാടമാണ് വനവത്കരണത്തിനായി സർക്കാർ ഏറ്റെടുത്തത്
മണക്കൽ പാടശേഖരം
# ആകെ വിസ്തൃതി: 687 ഏക്കർ
ഏറ്റെടുത്തത്: 500 ഏക്കർ
ഏറ്റെടുക്കാത്ത നിലം: 187 എക്കർ
ഐ.ടി പാർക്കിന് വിട്ടുകൊടുത്തത്: 80 ഏക്കർ