 അഴിമതിയിൽ കുരുങ്ങി കുടുംബശ്രീ തകർന്നു

ആലപ്പുഴ: കുടുംബശ്രീയുടെ 'പവർ' എന്താണെന്ന് അറിയണമെങ്കിൽ മുതുകുളത്തെ വീട്ടമ്മമാരോടു ചോദിക്കണം. കാരണം, സംസ്ഥാനത്ത് കുടുംബശ്രീ പ്രവർത്തനം നടക്കാത്ത ഏക പഞ്ചായത്താണ് മുതുകുളം! കണ്ണിന്റെ വില കണ്ണില്ലാത്തവർക്കാണ് കൂടുതൽ ബോദ്ധ്യമാവുന്നതെന്ന് പറയുന്നതുപോലെയാണ് മുതുകുളം പഞ്ചായത്തിലെ വീട്ടമ്മമാരുടെ അവസ്ഥ. കൊറോണയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം കപ്പിനും ചുണ്ടിനുമിടയിലെന്ന പോലെ നഷ്ടമാവുമോ എന്ന ആശങ്കയിലാണ് ഇവർ.

അഴിമതി ആരോപണങ്ങളെത്തുടർന്ന് വിജിലൻസ് അന്വേഷണം നേരിടുന്നതിനാലാണ് മുതുകുളത്തെ കുടുംബശ്രീ പ്രവർത്തനം തകർന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കുടുംബശ്രീ യൂണിറ്റുകൾ പഞ്ചായത്തിൽ എത്തിച്ച തുക ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയത്. പരാതിയെത്തുടർന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടു. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ പ്രസിഡന്റ് ബി.എസ്. സുജിത്ത് ലാൽ മുതുകുളത്തു പുതിയ കുടുംബശ്രീ സംവിധാനത്തിനായി മുഖ്യമന്ത്രിക്കു പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാമിഷൻ അധികൃതർ നടപടികൾ ആരംഭിച്ചു. തുടർന്ന് പഞ്ചായത്തു കമ്മിറ്റിയുടെ തീരുമാനപ്രകാരം പാണ്ഡവർകാവ് എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ ജില്ലാ മിഷൻ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും സി.പി.എം, ബി.ജെ.പി പ്രവർത്തകരുടെ എതിർപ്പിനെത്തുടർന്ന് അലങ്കോലമായി. ഇതോടെ ആ നീക്കവും പാളി.

സാങ്കേതിക നൂലാമാലകൾ ഒഴിവാക്കി മുതുകുളത്ത് കുടുംബശ്രീ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

..................................

സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് നിഷേധിച്ചതിന്റ ഉത്തരവാദിത്വം ഈ രണ്ടു രാഷ്ട്രീയ പാർട്ടികൾക്കാണ്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കുടുംബ ശ്രീ ഡയറക്ടർക്കും കുടുംബശ്രീ രൂപീകരണം സംബന്ധിച്ച് വീണ്ടും നിവേദനം നൽകിയിട്ടുണ്ട്

(ബി.എസ്.സുജിത്ത്ലാൽ, മുതുകുളം പഞ്ചായത്ത് മുൻ പ്രസിഡന്റ്)