ആലപ്പുഴ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിൽ 144കേസുകൾ രജിസ്റ്റർ ചെയ്തു. 771പേർ അറസ്റ്റിലായി. വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
എഴു വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനും വാഹനം ഓടിച്ചയാളുടെ ലൈസൻസ് 6 മാസത്തേയ്ക്ക് സസ്‌പെന്റ് ചെയ്യുവാനും നടപടി സ്വീകരിച്ചു. റോഡരികിൽ ആവശ്യമില്ലാതെ നിന്ന 21യുവാക്കൾക്ക് എതിരെയും, കൂട്ടംകൂടി നിന്നതിന് നാലു കേസുകളിൽ 277 പേർക്ക് എതിരേയും, വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്തതിന് 25 പേർക്ക് എതിരെയും, സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തതിന് 27 പേർക്ക് എതിരെയും ഉൾപ്പടെയാണ് 144കേസുകളെടുത്തത്.പകർച്ച വ്യാധി തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 2 വർഷം വരെ തടവോ 10000രൂപ പിഴയോ ശിക്ഷ ലഭിക്കും.