ചാരുംമൂട്: താമരക്കുളത്ത് ചന്ത ദിവസമായിരുന്ന ഇന്നലെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ അവഗണിച്ച് ആളുകൾ തിക്കിത്തിരക്കി. മാർക്കറ്റ് അടച്ചട്ടും റോഡിൽ കച്ചവടം നടക്കുന്നതിനാലാണ് നിയന്ത്രണങ്ങൾ അവഗണിച്ച് പുലർച്ചെ മുതൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടംകൂടിയത്.
ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് താമരക്കുളം മാധവപുരം പബ്ളിക് മാർക്കറ്റിൽ ചന്ത നടക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ നൂറുകണക്കിന് ആളുകൾ എത്താറുള്ളതിനാൽ പത്ത് ദിവസം മുമ്പ് ഗ്രാമ പഞ്ചായത്ത് അധികൃതർ ചന്ത അടച്ചിരുന്നു. എന്നാൽ കഴിഞ്ഞ 24ന് മാർക്കറ്റിനു വെളിയിൽ കച്ചവടം നടക്കുകയും നൂറുകണത്തിന് പേർ കൂടുകയും ചെയ്തു. പൊലീസ് എത്തിയായിരുന്നു ഇവരെ പിരിച്ചയച്ചത്. 27ന് ചന്ത ദിവസമായിരുന്നെങ്കിലും പൊലീസും ആരോഗ്യ വകുപ്പും ജാഗ്രത കാട്ടിയതിനാൽ കച്ചവടം നടന്നില്ല.
എന്നാൽ ഇന്നലെ കച്ചവടം നിയന്ത്രിക്കാനായില്ല. എല്ലാ ദിവസവും രാവിലെ 7 മുതൽ 5 വരെ മത്സ്യമുൾപ്പെടെയുള്ളയുള്ള സാധനങ്ങൾ ആവശ്യാനുസരം വാങ്ങാമെന്നിരിക്കെയാണ് ചന്തയുടെ പേരിൽ ആളുകൾ കൂട്ടംകൂടുന്നത്. പുറമെ നിന്നുള്ള മൊത്ത വ്യാപാരികളും ചന്തയിലെത്തും. കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.