ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ജില്ല സപ്ലൈ ഓഫീസർ
ആലപ്പുഴ: കൊറോണ പശ്ചാത്തലത്തിലുള്ള സൗജന്യ റേഷൻ വിതരണം ഇന്നാരംഭിക്കും. റേഷൻ വിതരണത്തിന് കളക്ടർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ഗുണഭോക്താക്കൾക്കുമുളള റേഷൻ വിഹിതം സ്റ്റോക്കുണ്ടെന്നും വിഹിതം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ലെന്നും ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.
സാമൂഹിക അകലം പാലിച്ച് ഒരു കടയിൽ ഒരേ സമയം അഞ്ച് പേർ മാത്രമേ പാടുളളൂ. തിരക്കുണ്ടാകാത്ത വിധം ബന്ധപ്പെട്ട പഞ്ചായത്ത്/ മുൻസിപ്പാലിറ്റി അദ്ധ്യക്ഷൻമാരുടെ സഹകരണത്തോടെ വാർഡ് മെമ്പർമാരുടെയും വോളണ്ടിയർമാരുടെയും നേതൃത്വത്തിൽ നിയന്ത്റിക്കണം. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാം
എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ എ.എ.വൈ/ പി.എച്ച്.എച്ച് വിഭാഗങ്ങൾക്കും ഉച്ചയ്ക്ക് ശേഷം മുൻഗണനേതര (നീല, വെള്ള കാർഡുകൾക്ക്) വിഭാഗങ്ങൾക്കും വിതരണം നടത്തണം
റേഷൻകടയുടെ പരിസരത്തുള്ള ഓരോ വാർഡിൽ നിന്നും പരമാവധി 15 എ.എ.വൈ/ പി.എച്ച്.എച്ച് (മഞ്ഞ/പിങ്ക്) കാർഡുകാർ ഓരോ മണിക്കൂറിലും കടയിലെത്തി റേഷൻ വാങ്ങുന്നതിന് വാർഡ് മെമ്പർമാരുടെയും വോളണ്ടിയർമാരുടെയും സഹായത്തോടെ സമയം ക്രമീകരിക്കണം. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ 60 കാർഡുടമകൾക്ക് റേഷൻ വാങ്ങാം.
ഉച്ചയ്ക്ക് ശേഷം എൻ.പി.എസ്, എൻ.പി.എൻ.എസ് (വെളള,നീല) കാർഡുടമകൾക്ക്, വാർഡ് തലത്തിൽ എണ്ണം ക്രമീകരിച്ച് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ റേഷൻ നൽകാം
സമയം ക്രമീകരിച്ചത് അറിയാതെ ആരെങ്കിലും റേഷൻ വാങ്ങാനെത്തിയാൽ അവരെ ബുദ്ധിമുട്ടിക്കാത്ത വിധത്തിൽ വിതരണം ക്രമീകരിക്കണം. കഴിയുന്നതും ആരെയും വെറുംകൈയോടെ മടക്കിവിടരുത്
താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും ജനപ്രതിനിധികളും ചർച്ച ചെയ്ത് റേഷൻ വിതരണം സുഗമമാക്കാൻ ആവശ്യമുളള മാറ്റം വരുത്താവുന്നതാണ്
റേഷൻ കടയിൽ എത്താനാകാത്തവർക്ക് സാധനങ്ങൾ വീട്ടിലെത്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ കടയുടമ ചെയ്യണം