ആലപ്പുഴ: പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിനു സമീപം കെട്ടിയിട്ടിരുന്ന ഹൗസ് ബോട്ടിൽ നിന്ന് ചാരായം നിർമിക്കാനുപയോഗിക്കുന്ന 125 ലിറ്റർ കോട പിടികൂടി. സംഭവത്തിൽ ഹൗസ് ബോട്ട് പാട്ടത്തിനെടുത്ത് നടത്തുന്ന നെഹ്റുട്രോഫി വാർഡ് നടുപ്പറമ്പിൽ വിപിൻ (22), ശാന്തിലാൽ (38) എന്നിവർ പിടിയിലായി. ഹൗസ് ബോട്ടിലെ കിടപ്പുമുറിയിൽ അഞ്ച് കന്നാസുകളിലായാണ് കോട സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെതുടർന്ന് തിങ്കളാഴ്ച്ച രാത്രി 8 മണിയോടെ നോർത്ത് സി.ഐ കെ.പി.വിനോദ്, എസ്.ഐ ഭുവനേന്ദ്രബാബു, സുന്ദരേശൻ, പ്രൊബേഷൻ എസ്.ഐ അരുൺ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദേവരാജൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം പ്രസാദ്, ആനന്ദ് ഭാസ്‌ക്കർ, ലാലു അലക്‌സ്, ശ്യാം മോഹൻ, ജോസഫ് ജോയ് എന്നിവരടങ്ങിയ സംഘം റെയ്ഡ് നടത്തുകയായിരുന്നു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.