പൂച്ചാക്കൽ: പാണാവള്ളി അരയങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സർക്കസ് നടത്താനെത്തി ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ ബംഗാളി കലാകാരന്മാർക്ക് പഞ്ചായത്ത് അഭയം നൽകി.

ലോക്ക് ഡൗൺ മൂലം സർക്കസ് കൂടാരം പൊളിച്ചുമാറ്റാനോ കലാകാരന്മാരെ തിരികെ നാട്ടിലെത്തിക്കാനോ സർക്കസ് കമ്പനി അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെ മൂന്നു സ്ത്രീകളും മൂന്നു കുട്ടികളുമടക്കം 21 പേരാണ് ബുദ്ധിമുട്ടിലായത്. ഇന്നലെ ഉച്ചയ്ക്, പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടക്കൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സുശീലൻ, ഹെൽത്ത് ഇൻസ്പെക്ടർ ജയകുമാർ എന്നിവർ ചേർന്ന് ഇവരെ ഓടമ്പള്ളി ഗവ.യു.പി.സ്കൂളിലേക്ക് മാറ്റി. ആവശ്യമുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്.

പാണാവള്ളിയിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന ക്വാളിറ്റി കറി പൗഡർ കമ്പനി, ഫുഡ്കോ, ചിത്ര ഡെക്കറേഷൻസ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം സ്ഥാപന ഉടമകൾ തന്നെ തൊഴിലാളികളെ സംരക്ഷിക്കുന്നുണ്ട്. പാണാവള്ളിയിലെ ബഹുഭൂരിപക്ഷം അന്യസംസ്ഥാനക്കാരും നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോൾ 129 തൊഴിലാളികൾ മാത്രമേ ഇവിടെയുള്ളൂ.