 മകരളുടെ രക്ത പരിശോധനയ്ക്കെത്തിയ വൃദ്ധമാതാവിന് സ്വകാര്യ ലാബിൽ അവഹേളനം

അമ്പലപ്പുഴ: തലയിൽ തേങ്ങവീണ് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ രക്തപരിശോധനയ്ക്ക് വണ്ടാനത്തെ സ്വകാര്യ ലാബിലെത്തിയ വൃദ്ധമാതാവിനെ, പണം തികയാത്തതിനാൽ ലാബ് അധികൃതർ അവഹേളിച്ച് ഇറക്കിവിട്ടെന്ന് പരാതി.

തൃക്കുന്നപ്പുഴ എസ്.എൻ നഗർ നികത്തു പുതുവലിൽ നൗഫലിന്റെ ഭാര്യ ജാസ്മിന്റെ (26) തലയിലാണ് തേങ്ങ വീണത്. ഈ സമയം നൗഫൽ വീട്ടിൽ ഉണ്ടായിരുന്നില്ല. മാതാവ് ഫാത്തിമ ജാസ്മിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഒമ്പതാം വാർഡിൽ പ്രവേശിപ്പിച്ചു. രക്തപരിശോധനകളിൽ ഒന്ന് ആശുപത്രിക്ക് പുറത്തുള്ള ലാബിലാണ് ചെയ്യേണ്ടിയിരുന്നത്. വണ്ടാനം ആശുപത്രി ജംഗ്ഷന് വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ലാബിലെത്തിയപ്പോൾ 800 രൂപയാകുമെന്ന് ജീവനക്കാർ പറഞ്ഞു. തന്റെ കൈവശം 300 രൂപയേ ഉള്ളൂവെന്നും മരുമകൻ വരുമ്പോൾ ബാക്കി പണം നൽകാമെന്നും പറഞ്ഞെങ്കിലും ലാബ് അധികൃതർ വഴങ്ങിയില്ല. കമ്മലോ മോതിരമോ ഉറപ്പിനു വേണ്ടി നൽകാമെന്നു പറഞ്ഞതും ചെവിക്കൊണ്ടില്ലെന്ന് ഫാത്തിമ വിതുമ്പലോടെ പറഞ്ഞു. തുടർന്ന് തെക്കുഭാഗത്തെ പ്രശസ്ത ലാബിലെത്തിയപ്പോൾ 550 രൂപയാകുമെന്നും 500 രൂപ നൽകിയാൽ മതിയെന്നുമായിരുന്നു മറുപടി! ഇതോടെ ഇവിടെ പരിശോധന നടത്തി ഫലം വാങ്ങുകയും ചെയ്തു.