കെട്ടുകാഴ്ചയ്ക്ക് സമഹരിച്ച പണം സാമൂഹ്യസേവനത്തിന്
ഹരിപ്പാട്: കൊറോണയുടെ പശ്ചാത്തലത്തിൽ ഉത്സവാഘോഷം ഒഴിവാക്കിയതോടെ, കെട്ടുകാഴ്ച സമർപ്പണത്തിനായി യുവാക്കൾ സമാഹരിച്ച തുക സമൂഹത്തിനുള്ള ആശ്വാസധനമായി. മുതുകുളം വടക്ക് ശ്രീ കുരുംബകര ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ച സമർപ്പിക്കാനായി ശ്രീ കുരുംബകര അയ്യപ്പസേവാ സമിതി പ്രവർത്തകർ പ്രദേശത്തുനിന്ന് പിരിച്ചെടുത്ത തുകയാണ് ഭക്ഷ്യധാന്യ കിറ്റുകളും സാനിട്ടൈസറുകളും ഉൾപ്പെടെ വീടുകളിലെത്തിക്കാനായി വിനിയോഗിക്കുന്നത്. ഏപ്രിൽ 23നാണ് ഉത്സവം നടക്കേണ്ടിയിരുന്നത്. അഡ്വാൻസ് തുക നൽകി കലാപരിപാടികൾ അടക്കം ബുക്ക് ചെയ്യുകയും സമൂഹ മാദ്ധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പ്രചാരണം കൊഴുക്കുകയും ചെയ്ത അവസരത്തിലാണ് ഉത്സവം മാറ്റിവയ്ക്കേണ്ടി വന്നത്. ഇതോടെ സമിതി ഭാരവാഹികളും പ്രവർത്തകരും നിരാശയിലായെങ്കിലും സർക്കാരും സന്നദ്ധ സംഘടനകളും പ്രതിരോധ, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായതോടെ ഉത്സവത്തിനായി കണ്ടെത്തിയ പണം ഈ വഴിക്ക് വിനിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ബ്രേക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി മുതുകുളം വടക്ക് കുരുംബകര ജംഗ്ഷനിൽ പൊതുജനങ്ങൾക്കായി ഹാൻഡ് വാഷ് സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് ബോധവത്കരണ പ്രവർത്തനങ്ങളും ലഘുലേഖ വിതരണവും നടത്തി. 750 വീടുകളിൽ സൗജന്യമായി സാനിട്ടൈസർ എത്തിച്ചു. 75 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ഉത്സവത്തിനായി കരുതിവച്ചതു കൂടാതെ സമിതി അംഗങ്ങൾ സ്വന്തമായി സംഭാവന ചെയ്ത തുകയും സന്നദ്ധസേവനത്തിനായി വിനിയോഗിക്കുന്നുണ്ട്. തിരഞ്ഞെടുത്ത 10 പ്രവർത്തകരെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പിന് വിട്ടുനൽകിയിട്ടുണ്ട്. പ്രസിഡന്റ് സുമോദ്, സെക്രട്ടറി അജയൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.ഫോൺ: 8606346377, 9961746488