ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്തിൽ മൂന്നിടങ്ങളിൽ പൊലീസും എക്‌സൈസും നടത്തിയ പരിശോധനയിൽ വ്യാജമദ്യവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ആറ് പേരെ അറസ്റ്റ് ചെയ്തു.അർത്തുങ്കലിലെ തൈക്കലും അരീപ്പറമ്പിലും,15-ാം വാർഡ് ചിന്നമ്മ കവലയിലുമായിരുന്നു റെയ്ഡ്.
അർത്തുങ്കൽ തൈക്കലിലെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് വ്യാജമദ്യ നിർമ്മാണത്തിനിടെ അഞ്ചു പേരെ അർത്തുങ്കൽ എസ്.എച്ച്.ഒ അൽജബാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 30 ലിറ്റർ കോടയും കണ്ടെടുത്തു.
ആയിരം തൈ പൊള്ളയിൽ വീട്ടിൽ ഷിബു (38),പട്ടണക്കാട് പുരാപ്പള്ളിയിൽ വീട്ടിൽ വിഷ്ണു(27),തൈക്കൽ കൊച്ചു കടപ്പുറത്ത് വീട്ടിൽ നവറോജി (48),കൊച്ചു കടപ്പുറത്ത് ഓംകാർജി (25), തൈക്കൽ കോലപ്പശേരി അരുൺ സാബു(27) എന്നിവരാണ് പിടിയിലാത്.എസ്.ഐ.ടോൾസൺ ജോസഫ്,സി.പി.ഒമാരായ സേവ്യർ,ഗിരീഷ്,അഗസ്റ്റിൻ,സുബിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചേർത്തല അരീപ്പറമ്പിന് തെക്കുവശം വീടിനോട് ചേർന്നുള്ള കയർ ഷെഡിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളുമായി ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ ചാണികാട്ടുവെളി വീട്ടിൽ രവീന്ദ്രന്റെ മകൻ രതീഷി(36)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.750 മില്ലിലിറ്റർ ചാരായവും 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.രഹസ്യ വിവരത്തെ തുടർന്ന്
ചേർത്തല എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എ.കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.സിവിൽ എക്‌സൈസ് ഓഫീസർമാരായ ഡി.മായാജി,കെ.ആർ.ഗിരീഷ് കുമാർ,കെ.ടി.കലേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ ചിന്നമ്മക്കവല ഭാഗങ്ങളിൽ ചേർത്തല റേഞ്ച് എക്‌സൈസ് നടത്തിയ പരിശോധനയിൽ ചക്കനാട്ട് ഭാഗത്ത് പഞ്ചായത്ത് തോട്ടിൽ കന്നാസിൽ കുഴിച്ചിട്ട നിലയിൽ 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ചേർത്തല റേഞ്ച് ഓഫീസിലെ പ്രീവന്റീവ് ഓഫീസർ സി.എൻ. ജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന
വ്യാജവാറ്റ്,വ്യാജമദ്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ 04782823547, 9400069497 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കണമെന്നും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.ബിനു അറിയിച്ചു.