അമ്പലപ്പുഴ: പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ലോറിയിൽ 'മെഡിസിൻ' ബോർഡ് വച്ച് ബീഡിയും ചെരിപ്പും ബുക്കുകളുമൊക്കെ കൊണ്ടുവന്ന വിരുതൻമാർ പിടിയിൽ. ഡ്രൈവർ ആലപ്പുഴ ആര്യാട് വടക്കെ അറ്റത്ത് വീട്ടിൽ ദീപു (26), ക്ലീനർ പുന്നപ്ര കല്ലുംപറമ്പ് വീട്ടിൽ സജീവ് (39) എന്നിവരെയാണ് ഇന്നലെ വൈകിട്ട് ഏഴോടെ ദേശീയപാതയിൽ പുന്നപ്ര പൊലീസ് സ്റ്റേഷനു സമീപം വാഹന പരിശോധയ്ക്കിടെ എസ്.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ പാഴ്സൽ സർവ്വീസ് എന്ന സ്ഥാപനത്തിന്റെ ലോറിയിലാണ് മെഡിസിൻ ബോർഡു വച്ച് എത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് കാജാ ബീഡി, ദിനേശ് ബീഡി, ചെരിപ്പുകൾ, ബുക്കുകൾ തുടങ്ങിയവ കണ്ടെത്തിയത്. ലോക്ക് ഡൗണിന് മുൻപ് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് ഇവർ വിവിധ സ്ഥലങ്ങളിലേക്കായി കൊണ്ടുപോയത്. എസ്.ഐ അശോകൻ, പ്രെബോഷൻ എസ്.ഐ മോനിഷ്, അഭിലാഷ്, ബിജോയ്, നിഥിൻ, മാത്യു, ഉണ്ണിക്കൃഷ്ണൻ, രഞ്ജിത്ത്, ഹോം ഗാർഡ് ചാണ്ടി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.