ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബറേലിയിൽ അതിർത്തി കടന്നു വന്ന കുടിയേറ്റ തൊഴിലാളികൾക്കുമേൽ അണുനാശിനി തളിച്ച സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. സംഭവം നടക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിവിധയിടങ്ങളിൽ കുടുങ്ങിയ 317 ജർമ്മൻ പൗരൻമാരെ പ്രത്യേക എയർഇന്ത്യാ വിമാനത്തിൽ ഫ്രാങ്ക്ഫർട്ടിലേക്ക് കൊണ്ടുപോയി. ഇവരിൽ പലരും ചെന്നൈ, ഹൈദ്രബാദ്, ഗോവ, മുംബയ് എന്നിവിടങ്ങളിൽ കുടുങ്ങിയ ടൂറിസ്‌റ്റുകളാണ്.
ഇന്ത്യയിൽ കുടുങ്ങിയ ടൂറിസ്‌റ്റുകൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം strandedinindia.com എന്ന പേരിൽ വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. വിദേശ ടൂറിസ്‌റ്റുകൾക്ക് സഹായകരമായ ഹെൽപ്‌ലൈൻ നമ്പരുകൾ, അവശ്യവിവരങ്ങൾ തുടങ്ങിയവ ലഭ്യമാണ്.
തമിഴ്നാട്ടിൽ ഇന്നലെ സർവ്വീസിൽ നിന്ന് വിരമിക്കേണ്ട നഴ്സുമാരോട് രണ്ടുമാസത്തേക്ക് കൂടി ജോലിയിൽ തുടരാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഇവരിൽ പലരും കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയതിനാലാണിത്.
കൊറോണാ ദുരിതാശ്വാസ നിധിയായ പിഎം കേയേഴ്സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ 25,000 രൂപ സംഭാവന ചെയ്‌തു. തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് അവർ തുക നൽകിയത്.