shaheenbagh-

ന്യൂഡൽഹി: ഷഹീൻബാഗിൽ ഡൽഹി പൊലീസ് കനത്ത സുരക്ഷയൊരുക്കി കൂടുതൽ സേനയെ വിന്യസിച്ചു. പ്രശ്നസാദ്ധ്യത കണക്കിലെടുത്ത് നിരോധനാ‌ജ്ഞയും ഏർപ്പെടുത്തി. രണ്ട് വനിതാ പൊലീസ് സംഘം ഉൾപ്പെടെ 12 കമ്പനി പൊലീസിനെയാണ് അധികമായി നിയോഗിച്ചത്.റോഡിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന ഷഹീൻബാഗിലേക്ക് ഇന്നലെ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെയും വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് നിർദ്ദേശത്തെ തുടർന്ന് മാർച്ച് ഹിന്ദുസേന പിൻവലിച്ചെങ്കിലും പൊലീസ് കനത്തസുരക്ഷ തുടരുകയാണ്.

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അർദ്ധസൈനികരെ ഉൾപ്പെടെ കൂടുതൽ സേനയെ നിയോഗിച്ചതെന്ന് ഡൽഹി പൊലീസ് ഡി.സി.പി ആർ.പി മീണ പറഞ്ഞു. പൗരത്വഭേദഗി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ ജാമിയ മിലിയയിലെ പൊലീസ് നടപടിയെ തുടർന്നാണ് ഡിസംബർ 15 മുതൽ നോയിഡ ഡൽഹി റോഡിൽ ഷഹീൻബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചുള്ള സമരം തുടങ്ങിയത്.