delhi-crisis

ന്യൂഡൽഹി: കലാപകലുഷിതമായ അന്തരീക്ഷം കെട്ടടങ്ങിയതോടെ വടക്ക് കിഴക്കൻ ഡൽഹിയിൽ ജനജീവിതം സാധാരണനിലയിലേക്ക്. കൂടുതൽ മരണങ്ങളോ അക്രമസംഭവങ്ങളോ ഇന്നലെ റിപ്പോർട്ട് ചെയ്തില്ല. ഭയാന്തരീക്ഷം പൂർണമായും വിട്ടുമാറിയിട്ടില്ലെങ്കിലും പലയിടത്തും കടകൾ തുറന്ന് പ്രവർത്തിച്ചു. പലായനം ചെയ്ത കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിയെത്തുന്നു. അവശിഷ്ടങ്ങൾ നീക്കി വീടുകളും കടകളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ.

പലയിടത്തും വൈദ്യുതിയും വെള്ളവും ഇല്ല. ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്ത് സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്. പലയിടത്തും ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് ജനങ്ങളുടെ നീണ്ട നിര കാണാം. വീടുകൾ പൂർണമായും നഷ്ടപ്പെട്ട 42 കുടുംബങ്ങളെ സർക്കാർ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി.

ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ കലാപബാധിത മേഖലകൾ സന്ദർശിച്ചു. ജനജീവിതം സാധാരണനിലയിലാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പരിക്കേറ്റ് ആശുപത്രിയിലുള്ള ഡി.സി.പി അമിത് ശർമ്മയെ ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ സന്ദർശിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും എല്ലാ പ്രദേശങ്ങളിലും മതിയായ സേനാവിന്യാസം ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 വെടിയേറ്റ് കൊല്ലപ്പെട്ടവർ 20

കലപാത്തിൽ ഇതുവരെ കൊല്ലപ്പെട്ട 45 പേരിൽ പൊലീസ് കോൺസ്റ്റബിൾ രത്തൻലാൽ ഉൾപ്പെടെ 20 പേർക്ക് വെടിയേറ്റാണ് ജീവൻ നഷ്ടമായതെന്ന് റിപ്പോർട്ട്.ഇന്നലെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഭാഗീരഥിവിഹാറിലെ കനാലിൽ നിന്ന് രണ്ടും ഗോകുൽപുരിയിലെ കനാലിൽ നിന്ന് ഒരു മൃതദേഹവുമാണ് ഇന്നലെ ഡൽഹി പൊലീസ് കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റി ആകെ 87 പേർക്ക് വെടിയേറ്റു.

450ൽ അധികം പേർക്ക് പരിക്കുണ്ട്. 203 കേസുകൾ രജിസ്റ്റർ ചെയ്തു. കൊലപാതകക്കുറ്റത്തിനാണ് 24 കേസുകൾ. ആയുധ നിയമപ്രകാരം 36 കേസുകളെടുത്തു. കലാപമുണ്ടാക്കൽ, സ്വത്തുക്കൾ നശിപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയവയ്ക്കാണ് മറ്റു കേസുകൾ. സോഷ്യൽ മീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് സൈബർസെൽ 13 കേസുകളെടുത്തു. അറസ്റ്റിലായതും കസ്റ്റഡിയിലുമായി 885 പേരുണ്ട്.
രണ്ട് പ്രത്യേക അന്വേഷണ സംഘമാണ് കലാപം അന്വേഷിക്കുന്നത്. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലുമായുള്ള നിരവധി റെയ്ഡുകൾ നടത്തി. 39 തോക്കുകൾ പിടികൂടി. അറസ്റ്റിലായവരിൽ നിന്ന് 46 വെടിയുണ്ടകളും കണ്ടെത്തി.

 ജവാന് 10 ലക്ഷം

കലാപത്തിൽ വീട് നഷ്ടപ്പെട്ട ബി.എസ്.എഫ് കോൺസ്റ്റബിൾ മുഹമ്മദ് അനീസിന് സഹായധനമായി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് 10 ലക്ഷം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക. ഒഡിഷയിലെ മാവോയിസ്റ്റ് ബാധിത മേഖലയായ മൽക്കംഗിരിയിൽ ബി.എസ്.എഫിന്റെ 9ാം ബറ്റാലിയനിലാണ് ഇപ്പോൾ അനീസ് ജോലിചെയ്യുന്നത്. വീട് പുനർനിർമ്മിക്കാൻ സഹായിക്കുമെന്ന് നേരത്തെ ബി.എസ്.എഫ് അറിയിച്ചിരുന്നു. കലാപമുണ്ടായ ഖജൂരി ഖാസിലെ അനീസിന്റെ വീടിന് അക്രമികൾ തീ വയ്ക്കുകയായിരുന്നു.