ന്യൂഡൽഹി: ''ഇതെന്റെ സഹോദരന്റെ കാലാണ് " (യേ മേരാ ഭയ്യാ കീ പൈർ ഹേ). ഡൽഹിയിലെ ജി.ടി.ബി ആശുപത്രിക്കുമുന്നിൽനിന്ന് നിലവിളിക്കുകയാണ് അമ്പതുകാരനായ സലീം കാസർ. 'ചേട്ടൻ ചെരുപ്പിടാറില്ല ഈ പരുപരുത്ത പാദങ്ങൾ അദ്ദേഹത്തിന്റേതാണ്.കാലിൽ അപകടം പറ്റിയ പാടുമുണ്ട്. ആ പാദങ്ങളെങ്കിലും എനിക്ക് തരൂ' സലീം സമീപത്തുനിന്ന പൊലീസുകാരോടായി പറഞ്ഞു. ഡൽഹിയിലെ കലാപത്തിൽ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ പൊലീസ് ജി.ടി.ബി ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഉറ്റവരുടെ മൃതദേഹങ്ങൾ പോലും തിരിച്ചറിയാനാവാതെ ആശുപത്രിക്കു മുന്നിൽ നിന്ന് വിലപിക്കുന്ന നിരവധിപേരുണ്ട് ഇവിടെ.
ശിവ് വിഹാറിലായിരുന്നു സലീമിന്റെയും അൻപത്തിയെട്ടുകാരനായ സഹോദരൻ അൻവറിന്റയും വീട്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ചേരിയുടെ ഒരു ഭാഗത്ത് അക്രമമുണ്ടായപ്പോൾ ജീവനുംകൊണ്ട് ഓടിയതാണ് സലീമും കുടുംബാങ്ങളും.അൻവറും കൂടെ ഉണ്ടായിരുന്നെങ്കിലും ഇടയ്ക്കു വച്ച് കാണാതായി.പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോൾ പിന്നിൽ തീഗോളങ്ങൾ മാത്രം. ബോംബ് പൊട്ടുന്ന ശബ്ദവും വെടിയൊച്ചകളും കേൾക്കുന്നുണ്ടായിരുന്നു. വീടും റിക്ഷയുമൊക്കെ ചാരമായി.എങ്ങനെയൊക്കെയോ ജീവൻ തിരിച്ചുകിട്ടി.അൻവറിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസിൽ പരാതിയും നൽകി. കഴിഞ്ഞ ദിവസം അൻവറിന്റെ പ്രായത്തിലുള്ള ഒരാളുടെ ശരീരഭാഗങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചത് അനുസരിച്ച് എത്തിയതാണ് സലീം.അൻവറിന്റെ ശരീരഭാഗം തിരിച്ചറിഞ്ഞെങ്കിലും ഡി.എൻ.എ പരിശോധനയ്ക്കുശേഷമേ വിട്ടുകൊടുക്കുകയുള്ളു. അതിനായി ഇനിയും നാല് ദിവസം കാത്തിരിക്കണം.
സലീം മാത്രമല്ല ഇങ്ങനെ കാത്തിരിക്കുന്നത്.ഗോകുൽപുരിയിലെ റിക്ഷക്കാരൻ രാം സുഗറത്ത് (48) തന്റെ പതിനഞ്ച് വയസുകാരനായ മകൻ പവന്റെ മൃതദേഹത്തിനായി കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിൽ കാത്തിരിക്കുകയാണ്. ഗോകുൽപുരി സർക്കാർ സ്കൂളിലെ എട്ടാക്ലാസുകാരനായ പവൻ സ്കൂൾ വിട്ടുവന്ന ശേഷം അടുത്തുള്ള കടയിൽ പാൽ വാങ്ങാൻ പോയതാണ്. അപ്പോഴാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് അവൻ മടങ്ങി വന്നില്ല.
ഭർത്താവിനെ അന്വേഷിച്ച് പറക്കമുറ്റാത്ത മൂന്ന് കൂട്ടികളുമായി എത്തിയ റംലത്ത്. ഇരുപത്തഞ്ച് വയസുകാരനായ മകന്റെ
ശരീരത്തിനായി കാത്ത് നിൽക്കുന്ന കാദർ ... അങ്ങനെ ഹൃദയം തകർക്കുന്ന എത്രയെത്ര കാഴ്ചകൾ.
മരണം 42, പരിക്കേറ്റവർ 450 എന്നിങ്ങനെ കണക്കുകൾ പറയുന്നുണ്ടെങ്കിലും കൃത്യമായ വിവരം ആരുടേയും കൈവശമില്ല.