kashmir

ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ടുകേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച കേന്ദ്ര നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. ഹർജികൾ ജസ്റ്റിസ് എം.വി രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സുഭാഷ് റെഡ്ഢി, ബി.ആർ.ഗവായി, സൂര്യകാന്ത് എന്നിവർ അംഗങ്ങളുമായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കാൻ ഇതേ ബെഞ്ച് ഉത്തരവിട്ടു.

370 ാം ആർട്ടിക്കിൾ വ്യാഖാനിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച രണ്ടു വിധികളിൽ വൈരുദ്ധ്യമുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് വിശാല ബെഞ്ചിന് വിടണോയെന്ന്‌ കോടതി പരിശോധിച്ചത്. വിധികൾ തമ്മിൽ വൈരുദ്ധ്യമില്ലെന്ന കേന്ദ്ര സർക്കാർ വാദം അംഗീകരിച്ചാണ് അഞ്ച് അംഗ ബെഞ്ച് തന്നെ ഹർജികൾ കേൾക്കാൻ ഉത്തരവായത്.

ശബരിമല കേസിലെ വാദം പൂർത്തിയാക്കിയശേഷം വാദം ആരംഭിക്കുമെന്ന് ‌കോടതി വ്യക്തമാക്കി.

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കാശ്മീർ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണൽ കോൺഫറൻസ് നേതാക്കൾ, പൊതുപ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരാണ് ഹർജിക്കാർ.

 വിധികളിലെ വീക്ഷണം

ജമ്മു കാശ്മീർ സർക്കാർ എതിർ കക്ഷിയായുള്ള

പ്രേംനാഥ് കൗൾ കേസിലും (1959) സമ്പത് പ്രകാശ്‌ കേസിലും(1970) പ്രഖ്യാപിച്ച വിധികളിൽ ഭരണഘടനയുടെ 370-ാം ആർട്ടിക്കിളിനെ കുറിച്ചുള്ള വ്യാഖ്യാനങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും അതിനാൽ ഇപ്പോഴത്തെ ഹർജികൾ വിശാല ബെഞ്ചിന് വിടണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്.

പ്രേംനാഥ് കൗൾ കേസിൽ ആർട്ടിക്കിൾ 370 നിയമസഭയുടെ ശുപാർശയോടെ റദ്ദാക്കാൻ കഴിയുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.സമ്പത്ത് പ്രകാശ് കേസിൽ ആർട്ടിക്കിൾ 370 സ്ഥിര സ്വഭാവമുള്ളതാണെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാൽ രണ്ട് വിധിയിലും 370ാം വകുപ്പിൽ തീരുമാനം എടുക്കാനുള്ള അധികാരം രാഷ്ട്രപതിയ്ക്ക് ഉണ്ട് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് വാക്കാൽ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ഹർജിക്കാരുടെ ആവശ്യം നിരസിച്ചത്.