ന്യൂഡൽഹി: വധശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെസ നിർഭയ കേസിലെ നാല് പ്രതികൾക്കെതിരെ പുറപ്പെടുവിച്ച മരണ വാറണ്ട് ഡൽഹി പട്യാല ഹൗസിലെ വിചാരണക്കോടതി സ്റ്റേ ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മരണവാറന്റ് നടപ്പാക്കുന്നത് നീട്ടിവച്ചതായും അഡീഷണൽ സെഷൻസ് ജഡ്ജ് ദർമേന്ദ്ര റാണ ഉത്തരവിട്ടു.
പവൻ ഗുപ്തയുടെയും അക്ഷയ് സിംഗിന്റെയും ദയാഹർജി പരിഗണിച്ചാണ് ഉത്തരവ്. വധശിക്ഷയിലേക്ക് എത്തുന്ന അവസാന മണിക്കൂർ വരെ രാജ്യത്ത് ലഭ്യമായിട്ടുള്ള എല്ലാ നിയമസഹായത്തിന്റെ വഴിയിലൂടെയും സഞ്ചരിക്കാൻ അവസരമുണ്ടാകുമെന്ന് കോടതി പറഞ്ഞു.എന്നാൽ ഉത്തരവ് എത്തി നിമിഷങ്ങൾക്കകം പവൻകുമാറിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി.
പട്യാല കോടതി രണ്ടാമതായി പുറപ്പെടുവിച്ച മരണവാറണ്ട് പ്രകാരം ഇന്ന് (3ന്) രാവിലെ ആറ് മണിക്ക് വധശിക്ഷ നടപ്പിലാക്കാൻ തയാറെടുപ്പുകൾ പൂർത്തിയായിരുന്നു. വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്ത സുപ്രീംകോടതിയിൽ നൽകിയ തിരുത്തൽ ഹർജി ജസ്റ്റിസ് എം.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് ഇന്നലെ രാവിലെ തള്ളി..തന്റെ ഹർജിയിൽ തുറന്ന കോടതിയിൽ വാദംകേൾക്കണമെന്നാണ് പവൻ ഗുപ്ത ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം ജസ്റ്റിസ് എം.വി. രമണയുടെ ബെഞ്ച് അംഗീകരിച്ചില്ല. തുറന്ന കോടതിയിൽ വാദം കേൾക്കുന്നതിന് പകരംചേംബറിൽ വച്ച് തന്നെ ഹർജി പരിഗണിച്ച് തള്ളിക്കളയുകയായിരുന്നു. ഇതോടെയാണ് ഉച്ചയ്ക്ക് പവൻ രാഷ്ട്രപതിയ്ക്ക് ദയാഹർജി സമർപ്പിച്ചത്.ഒപ്പം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാട്യല കോടതിയേയും സമീപിച്ചു.
ഉച്ചയ്‌ക്ക് പട്യാല കോടതി കേസ് ഉച്ചയ്‌ക്ക് 12.30ന് പരിഗണിച്ചു. വാദം കേട്ട ശേഷം വൈകിട്ട് നാല് മണിയോടെ വധശിക്ഷ സ്റ്റേ ചെയ്തുള്ള ഉത്തരവിന് പിന്നാലെയാണ് ദയാഹർജി തള്ളിയ ഉത്തരവും എത്തിയത്. കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളിയിരുന്നു. പവൻ ഗുപ്ത മാത്രമാണ് തിരുത്തൽ ഹർജി നൽകാനുണ്ടായിരുന്നത്.