delhi-crisis

ന്യൂഡൽഹി: ഡൽഹി കലാപം പോലുള്ള സംഭവങ്ങൾ നടന്നുകഴിഞ്ഞതിന് ശേഷമേ കോടതിക്ക് അതിൽ ഇടപെടാനാവൂ എന്നും ,പലതിനും കോടതിയാണ് ഉത്തരവാദിയെന്ന തരത്തിലുള്ള മാദ്ധ്യമ വാർത്തകൾ കാണുന്നുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.ഡൽഹിയിൽ ബി.ജെ.പി. നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാൻ നിർദേശിക്കണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സീനിയർ അഭിഭാഷകൻ കോളിൻ ഗൊൺസാൽവസ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

''ജനങ്ങൾ മരിക്കട്ടെ എന്നല്ല ഞങ്ങൾ പറയുന്നത്. ഇതു തടയാൻ ഞങ്ങൾക്കാവില്ല. മുൻകൂട്ടി ആശ്വാസ നടപടികൾ ഉത്തരവിടാൻ കോടതിക്കാവില്ല. വലിയ സമ്മർദമാണ് ഇതുണ്ടാക്കുന്നത്. .ഞങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ സംഭവങ്ങൾ നടന്നുകഴിഞ്ഞേ കോടതിക്ക് ഇടപെടാനാവൂ. ഞങ്ങൾക്കു പരിമിതിയുണ്ട്.- ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

വിദേഷ പ്രസംഗങ്ങളിൽ കേസെടുക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി നാലാഴ്ചയ്ക്കു ശേഷം കേൾക്കാൻ മാറ്റിവച്ചതിനെതിരെയാണ് ഹർജിക്കാരനായ ഹർഷ് മന്ദർ സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തര പ്രധാനമുള്ള വിഷയമാണെന്നും ഇതു നാലാഴ്ചയിലേക്കു മാറ്റിവച്ച ഹൈക്കോടതി നടപടി നിരാശാജനകമാണെന്നും കോളിൻ ഗൊൺസാൽവസ് അറിയിച്ചു.

ഹർജി നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ബി.ജെ.പി. നേതാക്കളായ അനുരാഗ് കശ്യപ്, കപിൽ മശ്ര, പർവേശ് വർമ എന്നിവരുടെ വിദ്വേഷ പ്രസംഗം കലാപത്തിനു കാരണമായെന്നാണ് കേസ്.