ന്യൂഡൽഹി: ഡൽഹി കലാപം ഉയർത്തി ലോക് സഭയിൽ ഇന്നലെ നടന്ന പ്രതിപക്ഷ ബഹളത്തിനിടെ ബി.ജെ.പി വനിതാ എം.പി ജസ്കൗർ മീണ തന്നെ ശാരീരികമായി ആക്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് എം.പി രമ്യ ഹരിദാസ് സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി.
വനിതയും ദളിതുമായത് കൊണ്ടാണോ തനിക്കെതിരെ തുടർച്ചയായി ആക്രമണം നടത്തുന്നതെന്ന് ചോദിച്ചും, ബി.ജെ.പി എം.പിക്കെതിരെ നടപടി ആവശ്യപ്പെട്ടും നിറകണ്ണുകളോടെയാണ് രമ്യ ഹരിദാസ് സ്പീക്കറുടെ ചേംബറിലെത്തി പരാതി നൽകിയത്.അംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്വമാണെന്ന് രമ്യ ഹരിദാസ് പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഇപ്പോഴുള്ള ഏറ്റവും വലിയ പ്രശ്നം ചർച്ച ചെയ്യാതിരിക്കുന്നതിൽ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചു. ബി.ജെ.പി അംഗങ്ങൾ പ്ലക്കാർഡ് വലിച്ചുകീറാനും ബാനർ പിടിച്ചുവലിക്കാനും നോക്കി. ഇതിനിടയിൽ പെട്ടെന്ന് പിറകിൽ നിന്ന് വന്ന ബി.ജെ.പി അംഗം തന്റെ ചുമലിൽ ശക്തമായി അടിക്കുകയായിരുന്നു. പാർലമെന്റിനകത്ത് എല്ലാവരും തുല്യരാണ്. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ശാരീരികമായി അക്രമണമാണ് നടന്നത്. ഇത്തരം തരം താണനിലയിലേക്ക് പാർലമെന്റിനെ എത്തിച്ചുവെന്നും രമ്യ പറഞ്ഞു.
അതേസമയം, ശാരീരികമായി ആക്രമിച്ചെന്ന ആരോപണം ജസ്കൗർ മീണ നിഷേധിച്ചു. താൻ രമ്യ ഹരിദാസിനെ കടന്നു പിടിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്നും മീണ പറഞ്ഞു.