loksabha-


ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹി കലാപത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം പാർലമെന്റിന്റെ ഇരുസഭകളിലും ഇരമ്പി. ലോക്‌സഭയിൽ നടുത്തളത്തിലിറങ്ങിയ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളും നടന്നു. കൈയാങ്കളിയെ തുടർന്ന് .സ്പീക്കറുടെ ചേംബറിൽ വിളിച്ച ചർച്ചയിലും ഇരു വിഭാഗം നേതാക്കൾ തമ്മിൽ വാഗ്വാദമുണ്ടായി.

ഡൽഹി കലാപത്തിന് വഴി തെളിച്ച കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും അനാസ്ഥയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകണമെന്നും, ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.രാവിലെ ചേർന്ന ലോക്‌സഭ, അന്തരിച്ച ജെ.ഡി.യു അംഗം ബൈദ്യനാഥ് പ്രസാദിന് ആദരാഞ്ജലിയർപ്പിച്ച് രണ്ടു മണി വരെ പിരിഞ്ഞു. വീണ്ടും ചേർന്നപ്പോൾ , ഡൽഹി കലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് അധീർരഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്,പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേമചന്ദ്രൻ, എ.എം ആരിഫ്, ഹൈബി ഈഡൻ,തോമസ് ചാഴിക്കാടൻ തുടങ്ങി 23 പേർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിഷേധം ശക്തമായി


അമിത് ഷാ രാജിവയ്ക്കണമെന്ന ബാനറുകളും പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയുള്ള ബഹളങ്ങൾക്കിടെ ഖനി നിയമ ഭേദഗതി ബിൽ സർക്കാർ അവതരിപ്പിച്ചു. ഇതിനിടെ 3000 പേരുടെ മരണത്തിനിടയാക്കിയ 1984ലെ സിഖ് കൂട്ടക്കൊല വിഷയം ഉന്നയിച്ച് മന്ത്രി പ്രഹ്‌ളാദ് ജോഷി കോൺഗ്രസിനെതിരെ തിരിഞ്ഞതോടെ പ്രതിഷേധം കടുത്തു. ബി.ജെ.പി ചീഫ് വിപ്പ് സഞ്ജയ് ജയ്സാൾ സംസാരിക്കവെ കോൺഗ്രസ് എം.പിമാർ ബാനറുകളുമായി അദ്ദേഹത്തിനടുത്തെത്തി. ബി.ജെ.പിയിലെ രമേഷ് ബിദൂരിയുടെ നേതൃത്വത്തിൽ ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിലിറങ്ങി. എം.പിമാർ തമ്മിൽ ഉന്തുംതള്ളുമായി.ബഹളത്തിനിടയിൽ ബി.ജെ.പി വനിതാ അംഗം തന്നെ മർദ്ദിച്ചതായി ആരോപിച്ച് കോൺഗ്രസ് അംഗം രമ്യാ ഹരിദാസ് കണ്ണീരോടെ സ്പീക്കറുടെ ചേംബറിലോത്തി പരാതി നൽകി,

ബഹളം രൂക്ഷമായതോടെ ,സ്പീക്കർ സഭ നാല് മണിവരെ നിറുത്തിവച്ചു. നാല് മണിക്ക് ചേർന്നപ്പോഴും പ്രതിപക്ഷം ബഹളം തുടർന്നതോടെ 4.30 വരെ നിറുത്തിവച്ചു. 4.30ന്സഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടർന്നതിനാൽ സഭ പിരിയുകയായിരുന്നു.
രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അവതരാണാനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി.കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എം.പിമാരെ സഭാദ്ധ്യക്ഷൻ വിലക്കി. പ്രതിഷേധം രൂക്ഷമായതോടെ രാജ്യസഭ ആദ്യം രണ്ടു മണിവരെ നിറുത്തിവച്ചു. വീണ്ടും ചേർന്നപ്പോഴും ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു..