ന്യൂഡൽഹി: സ്വന്തം പേരിൽ രണ്ട് ക്രിമിനൽ കേസുകളുള്ള കാര്യം 2014 ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവച്ച മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ നാഗ്പൂർ സ്വദേശി സതീഷ് ഉകേയ് നൽകിയ ഹർജിക്കെതിരെ ഫഡ്‌നാവിസ് നൽകിയ തിരുത്തൽ ഹർജി കോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരാണുണ്ടായിരുന്നത്.
'തിരുത്തൽ ഹർജി അംഗീകരിക്കാൻ തക്ക കാരണങ്ങൾ കണ്ടെത്താനായില്ല, അതിനാൽ തള്ളുന്നു' എന്നാണ് ഉത്തരവ്.
ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് സമർപ്പിച്ച ഹർജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സതീഷ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
1951 ലെ ജനപ്രാതിനിദ്ധ്യ നിയമം 125 എ പ്രകാരം വിവരങ്ങൾ മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ പ്രകാരം 1996 ലും 1998 ലുമാണ് ഫഡ്‌നാവിസിനെതിരെ കേസെടുത്തിരുന്നത്. എന്നാൽ കേസിൽ കുറ്റം ചുമത്തിയില്ല. ഈ കേസുകൾ നിലനിൽക്കുന്ന കാര്യം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് ഹർജിയിൽ പറയുന്നു.