 ഹോളിക്ക് ശേഷം ചർച്ചയെന്ന് സ്പീക്കർ

ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തി പ്രതിപക്ഷം തുടർച്ചയായ രണ്ടാംദിവസവും പാർലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധമുയർത്തി. ലോക്‌സഭയിൽ നടുത്തളത്തിലിറങ്ങിയ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇന്നലെയും ഉന്തും തള്ളും വാക്കേറ്റവും നടന്നു.

ഹോളിക്ക് ശേഷം മാർച്ച് 11ന് വിഷയം ചർച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു. പ്രശ്‌നം പരിഹരിക്കാൻ സ്പീക്കർ വിളിച്ചുചേർത്ത കക്ഷിനേതാക്കളുടെ യോഗത്തിലും സമവായമുണ്ടാക്കാനായില്ല. ഭരണപക്ഷ നിരയിലേക്ക് പ്രതിപക്ഷമോ, പ്രതിപക്ഷ നിരയിലേക്ക് ഭരണപക്ഷമോ കടന്നാൽ ആ അംഗത്തെ ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി.

രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ ഡൽഹി കലാപ വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ്, ഡി.എം.കെ, സി.പി.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ പ്രതിഷേധം തുടങ്ങി.ശൂന്യവേളയിൽ, ചർച്ചയ്ക്ക് തയ്യാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

എന്നാൽ അടിയന്തരമായി ചർച്ച വേണമെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്റേത്.

കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് അവർ മുദ്രാവാക്യം മുഴക്കി. തുടർന്ന് സഭ ഉച്ചവരെ പിരിഞ്ഞു.

സഭയിൽ പ്ലക്കാർഡുകളുമായി വരരുതെന്ന് കക്ഷി നേതാക്കളുമായുള്ള ചർച്ചയിൽ സ്പീക്കർ നിർദ്ദേശിച്ചിരുന്നെങ്കിലും രണ്ട് മണിക്ക് വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറിങ്ങി. അടിയന്തര ചർച്ച വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു. എന്നാൽ ഹോളിക്ക് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചു..പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഇരിപ്പിടത്തിന് നേർക്ക് കടലാസ് കീറിയെറിഞ്ഞു.
കോൺഗ്രസ് കക്ഷി നേതാവ് അധീർരഞ്ജൻ ചൗധരി ഭരണപക്ഷത്തേക്ക് നീങ്ങി. ഇതോടെ ബി.ജെ.പി അംഗങ്ങളും നടുത്തളത്തിലിറങ്ങി. കോൺഗ്രസ് - ബി.ജെ.പി എം.പിമാർ തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ സഹകരണബാങ്കുകളുമായി ബന്ധപ്പെട്ട ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബില്ല് കേന്ദ്രസർക്കാർ അവതരിപ്പിച്ചു. പ്രതിഷേധം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

വീണ്ടും മർദ്ദനമേറ്റെന്ന്

രമ്യ ഹരിദാസ്

ബി.ജെ.പി എം.പിമാർ തന്നെ ഇന്നലെയും കൈയേറ്റം ചെയ്തെന്ന് കോൺഗ്രസ് എം.പി രമ്യ ഹരിദാസ് ആരോപിച്ചു. തന്നെ ബി.ജെ.പി വനിതാ എം.പി ജസ്‌കൗർ മീണ ശാരീരികമായി ആക്രമിച്ചെന്ന് തിങ്കളാഴ്ച രമ്യ പരാതി നൽകിയിരുന്നു.

കോൺഗ്രസ് അംഗങ്ങളായ രമ്യ ഹരിദാസും ജ്യോതി മണിയും തന്നെ ആക്രമിക്കുകയും ഇടിക്കുകയും ചെയ്തുതായി ബി.ജെ.പി അംഗം സംഗീത സിംഗ് സ്പീക്കർക്ക് പരാതി നൽകി. സഭയിൽ നിന്ന് പുറത്തേക്കിറങ്ങവെ ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ മുറിയിലെ വാതിലിൽ ടി.എൻ. പ്രതാപൻ എം.പി ആഞ്ഞടിച്ചതായും പരാതിയുയർന്നു.കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ബി.ജെ.പി എം.പിമാർ പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചതായികെ. മുരളീധരൻ പറഞ്ഞു. ചർച്ചയ്ക്ക് തയ്യാറാകാത്ത കേന്ദ്രസർക്കാർ നിലപാടാണ് പ്രശ്‌നം വഷളാക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.


സ്തംഭിച്ച് രാജ്യസഭയും

അടിയന്തര ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭയും ഇന്നലെ സ്തംഭിച്ചു. രാവിലെ സഭ ചേർന്നപ്പോൾ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ധനവകുപ്പുമായി ബന്ധപ്പെട്ട പ്രസ്താവന സഭയിൽ വയ്ക്കുന്നതിനായി എഴുന്നേറ്റതോടെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. വിദ്വേഷ പ്രസംഗം നടത്തിയ താക്കൂറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം സമാധാനം പുനസ്ഥാപിക്കേണ്ടതുണ്ടെന്നും അതിന് ശേഷം ചർച്ചയാകാമെന്നും സഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു അറിയിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ പിരിഞ്ഞു.

രണ്ട് മണിക്ക് സഭ ചേർന്നപ്പോഴും പ്രതിഷേധം തുടർന്നതോടെ മൂന്ന് മണി വരെ സഭ നിറുത്തി. തുടർന്ന് ചേർന്നപ്പോൾ ചർച്ചയ്ക്ക് സർക്കാർ ഒരുക്കമാണെന്ന് സഭാ നേതാവ് കേന്ദ്രമന്ത്രി താവർചന്ദ് ഗെഹ്‌ലോട്ട് പ്രതികരിച്ചു. ഉടൻ ചർച്ച ആരംഭിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഉപാദ്ധ്യക്ഷൻ ഹരിംവശ് സിംഗ് അനുവദിച്ചില്ല. പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ പിരിയുകയായിരുന്നു.