ന്യൂഡൽഹി: ഡൽഹി കലാപം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ ലോക്‌സഭയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് സഭാനേതാവ് അധീർരഞ്ജൻ ചൗധരിയുടെ ഡൽഹിയിലെ വസതിക്ക് നേരെ ആക്രമണം. ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷന് സമീപം ഹുമയൂൺ റോഡിലുള്ള ഔദ്യോഗിക വസതിയാണ് ആക്രമിക്കപ്പെട്ടത്. ഒരു കൂട്ടം അജ്ഞാതരായ ആളുകൾ വസതിയിലേക്ക് അതിക്രമിച്ച് കടന്ന് ചില രേഖകൾ എടുത്തുകൊണ്ടുപോയതായും വസതിയിലെ ജീവനക്കാരെ ആക്രമിച്ചതായുമാണ് പരാതി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.