corona

ന്യൂഡൽഹി: ജയ്‌പൂരിൽ എത്തിയ ഇറ്റാലിയൻ ദമ്പതികളിൽ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത രോഗികളുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം ഡൽഹിയിൽ ഒരാൾക്ക് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് നോയിഡയിലെ രണ്ട് സ്‌കൂളുകൾ അടച്ചിട്ടു. രോഗം സംശയിക്കുന്ന ആഗ്രയിൽ നിന്നുള്ള ആറ് പേരെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇറ്റാലിയിൽ നിന്നെത്തിയ 69 കാരിയുടെ ആരോഗ്യം വഷളായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ സാമ്പിൾ അയച്ചിട്ടുണ്ട്. ജയ്‌പൂരിൽ ഇവർ താമസിച്ചിരുന്ന സവായ് മാൻ സിംഗ് ഹോട്ടലിലെ മുറി സീൽ ചെയ്‌തു. ജീവനക്കാർ നിരീക്ഷണത്തിലാണ്.

ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ആളുടെ മകന്റെ പിറന്നാൾ ആഘോഷം നടന്ന ഡൽഹിയിലെ പഞ്ചനക്ഷത്ര ഹയാത്തിലെ റസ്‌റ്റോറന്റ് ജീവനക്കാരും നിരീക്ഷണത്തിലാണ്. ആഘോഷത്തിൽ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ അംഗങ്ങളെയും നിരീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നോയിഡയിലെ രണ്ട് സ്‌കൂളുകൾ അടച്ചിട്ടത്. ഒരു സ്‌കൂളിൽ രോഗം സ്ഥിരീകരിച്ച ആളുടെ മകനും രണ്ടാമത്തേതിൽ പാർട്ടിയിൽ പങ്കെടുത്ത മറ്റൊരു കുട്ടിയും പഠിക്കുന്ന പശ്‌ചാത്തലത്തിലാണിത്. അഞ്ചു കുട്ടികളുടെ സാമ്പികളുകൾ ശേഖരിച്ചു. രോഗിയായ 45കാരന്റെ ആഗ്രയിലെ ആറ് പരിചയക്കാരെയും നിരീക്ഷണത്തിലാക്കി. ഫെബ്രുവരി 25ന് വിയന്നയിൽ നിന്ന് ഡൽഹിയിലേക്ക് ഇയാൾ യാത്ര ചെയ്‌ത വിമാനത്തിലെ സഹയാത്രികരോടും വിമാന ജീവനക്കാരോടും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ എയർഇന്ത്യ നിർദ്ദേശിച്ചു.

രോഗബാധ സ്ഥിരീകരിച്ച തെലങ്കാന സ്വദേശി ഫെബ്രുവരി 20ന് യാത്ര ചെയ്‌ത ദുബായ്-ബാംഗ്ളൂർ ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.

വിസകൾ റദ്ദാക്കി

ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ പൗരൻമാർക്ക് അനുവദിച്ച ഇ-വിസകൾ കേന്ദ്രസർക്കാർ റദ്ദാക്കി. ജപ്പാൻ, കൊറിയ പൗരൻമാർക്കുള്ള വിസ ഓൺ അറൈവൽ സൗകര്യവും മരവിപ്പിച്ചു. ചൈനയിൽ നിന്നുള്ളവർക്കും നിയന്ത്രണം തുടരും.

നയതന്ത്ര പ്രതിനിധികൾക്കും ഐക്യരാഷ്‌ട്രസഭ അധികൃതർക്കും വിമാന ജീവനക്കാർക്കും വിലക്ക് ബാധകമല്ല. ഇവർ കർശന പരിശോധനയ്‌ക്ക് വിധേയമാകണം.അന്താരാഷ്‌ട്ര വിമാനങ്ങളിലെ ജീവനക്കാരും യാത്രക്കാരും മാസ്‌കും ഗ്ളൗസും കർശനമായി ധരിക്കണം.

രാജ്യത്തെ തുറമുഖങ്ങളിലും കർശന പരിശോധനയുണ്ടാകും. ചൈന, ഇന്തോനേഷ്യ, തായ്‌ലാൻഡ്, സിംഗപ്പൂർ, തായ്‌വാൻ, ഹോങ്കോംഗ്, മക്കാവു, മലേഷ്യ, വിയറ്റ്നാം, ദക്ഷിണ കൊറിയ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കും.

പരിഭ്രാന്തി വേണ്ട: പ്രധാനമന്ത്രി

കോറോണ ബാധ തടയാൻ കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരുകളും ഒന്നിച്ച് പ്രവർത്തിക്കുകയാണെന്നും പരിഭ്രാന്തി വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വയം സംരക്ഷണ നടപടികളുടെ പ്രാധാന്യം ഏവരും മനസിലാക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.