ന്യൂഡൽഹി: സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് അധികാരം നൽകുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു.
പഞ്ചാബ്- മഹാരാഷ്ട്ര സഹകരണ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 1949ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിൽ സഹകരണബാങ്കുകളെയും കൊണ്ടുവരുന്ന ഭേദഗതി കേന്ദ്രം അവതരിപ്പിച്ചത്. സഹകരണ ബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ബാങ്കിംഗ് മേഖലയിലെ വികസനത്തിനൊപ്പം വളരാനും പുതിയ നിയമം വഴിയൊരുക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
വ്യവസ്ഥകൾ
ആവശ്യമെങ്കിൽ സഹകരണ ബാങ്കുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ റിസർവ് ബാങ്കിന് ഉത്തരവിടാം.
സംസ്ഥാന സഹകരണ സൊസൈറ്റി രജിസ്ട്രാർക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ഏത് സഹകരണ ബാങ്കിന്റെയും ഡയറക്ടർ ബോർഡിനെ അസാധുവാക്കാനുള്ള അധികാരം റിസർവ് ബാങ്കിനുണ്ടാവും.
ഈ ഉത്തരവ് പുറപ്പെടുവിക്കും മുൻപ് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടണം. സർക്കാർ എതിർത്താലും നടപടിയുമായി മുന്നോട്ടുപോകാം.
ഡയറക്ടർമാർക്കോ ഡയറക്ടർമാർക്ക് പങ്കാളിത്തമോ മാനേജ്മെന്റ് താൽപ്പര്യമോ ഉള്ള സ്വകാര്യ സ്ഥാപനങ്ങൾക്കോ വായ്പകൾ അനുവദിക്കാനാവില്ല
പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ, കാർഷിക മേഖലയ്‌ക്ക് ദീർഘകാല സാമ്പത്തിക സഹായം നൽകുന്ന സഹകരണ സൊസൈറ്റികൾ എന്നിവയ്ക്ക് ബാധകമല്ല
ഇത്തരം സൊസൈറ്റികൾ ചെക്ക് സ്വീകരിക്കുന്നുണ്ടെങ്കിൽ നിയമം ബാധകം.
പേരിന്റെയോ ഇടപാടുകളുടെയോ ഭാഗമായി ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്നീ വാക്കുകൾ ഉപയോഗിച്ചാലും ആർ.ബി.ഐ നിയന്ത്രണത്തിൽ വരും.
റിസർവ് ബാങ്ക് അനുമതിയോടെ സഹകരണ ബാങ്കുകൾക്ക് ഓഹരികൾ പുറപ്പെടുവിക്കാം
ഈടുരഹിത വായ്പകൾ, സെക്യൂരിറ്റികൾ, ബോണ്ടുകൾ എന്നിവ അനുവദിക്കാം
പ്രത്യേക സാഹചര്യങ്ങളിൽ ആർ.ബി.ഐക്ക് സഹകരണ ബാങ്കുകളെ ഈ നിയമ പരിധിയിൽ നിന്ന് ഒഴിവാക്കാം
നിലവിലെ പ്രവർത്തന പരിധിക്ക് പുറത്തുള്ള സ്ഥലത്ത് അനുമതിയില്ലാതെ ബിസിനസ് ആരംഭിക്കാനാകില്ല