delhi-crisis

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ തുടർച്ചയായ മൂന്നാംദിവസവും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. രാജ്യസഭ രാവിലെ തന്നെ പിരിഞ്ഞു. രണ്ടു തവണ നിറുത്തിവച്ച ലോക്‌സഭ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡയറക്ട് ടാക്സ് വിശ്വാസ് സെ വിവാദ്ബിൽ ശബ്ദവോട്ടോടെ പാസാക്കി. രാജ്യസഭയിൽ കോൺഗ്രസ്, ഇടതുപക്ഷം, എസ്.പി തുടങ്ങിയ പാർട്ടികളും ലോക്സഭയിൽ കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരി ഉൾപ്പെടെയുള്ളവരും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.

രാവിലെ 11ന് സഭ ആരംഭിച്ചയുടൻ ഡൽഹി കലാപത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. ലോക്സഭയിൽ 11നും രാജ്യസഭയിൽ 12നും ഡൽഹി കലാപ വിഷയം ചർച്ചചെയ്യാമെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാൽ ഉടൻ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ആദ്യം 12 വരെയും പിന്നീട് ഉച്ചയ്ക്ക് രണ്ടുവരെയും നിറുത്തിവച്ചു. രണ്ടിന് വീണ്ടും ചേർന്നപ്പോൾ ഡയറക്ട് ടാക്സ് വിവാദ് സെ വിശ്വാസ് ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്സ് ഒഫ് ഇൻഫർമേഷൻ ടെക്നോളജി ലോ ഭേദഗതി ബില്ലും കേന്ദ്രസർക്കാർ അവതരിപ്പിച്ചശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാവിലെ ഇടത് പാർട്ടി എം.പിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.

ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ എന്നിവർ പാർലമെന്റിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി കലാപത്തിൽ കേന്ദ്രസർക്കാർ അടിയന്തര ചർച്ചയ്ക്ക് തയ്യാറാകണമെന്നും അതുവരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും കോൺഗ്രസ് ലോക്സഭാ നേതാവ് അധീർരഞ്ജൻ ചൗധരി പറഞ്ഞു. കേന്ദ്രം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഗൂഢാലോചന നടത്തിയവരെ ശിക്ഷിക്കണമെന്നും അധീർ രഞ്ജൻ ആവശ്യപ്പെട്ടു.