ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെ (73) ഡൽഹി എയിംസ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കാൻ സുപ്രീംകോടതി ഉത്തരവ്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സജ്ജൻ കുമാർ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് നിർദ്ദേശം. ഇന്ന് രാവിലെ പത്തരയോടെ പരിശോധനയ്ക്ക് വിധേയനാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. റിപ്പോർട്ട് കിട്ടിയശേഷം ചികിത്സയ്കായി ആശുപത്രിയിലേക്ക് മാറ്റണമോ അതോ ജാമ്യം അനുവദിക്കണമോയെന്ന് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.
സജ്ജൻ കുമാറിന്റെ ആരോഗ്യനില അതീവ മോശമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വികാസ് സിംഗ് കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് സ്വകാര്യ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിന്റെ ആധികാരികതയിൽ സോളിസിറ്റ് ജനറൽ തുഷാർ മേത്ത സംശയമുന്നയിച്ചതോടെയാണ് സജ്ജൻകുമാറിനെ പരിശോധനയ്ക്ക് വിധേയനാക്കാൻ കോടതി നിർദ്ദേശിച്ചത്.