ന്യൂഡൽഹി: വടക്കുകഴിക്കൻ ഡൽഹിയിൽ കലാപത്തിനിടെ ബി.ജെ.പി. നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ ഹർജികൾ ഒരു മാസത്തേക്ക് മാറ്റിയ ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, ഹർജികൾ വരുന്ന വെള്ളിയാഴ്ച പരിഗണിക്കാൻ ഉത്തരവിട്ടു. രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ എന്താണ് തടസമെന്ന് ചോദിച്ച കോടതി, കേസ് ദീർഘനാളത്തേക്ക് മാറ്റി വച്ചത് ന്യായീകരിക്കാനാവില്ലെന്നും വിമർശിച്ചു.
വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ് ഠാക്കൂർ, കപിൽ ശർമ്മ, പർവേശ് വർമ്മ എന്നിവർക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കലാപത്തിന് ഇരയായ ഒൻപത് പേർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കലാപത്തിന് വഴിവച്ച ബി.ജെ.പി. നേതാക്കൾക്കെതിരെ കേസെടുക്കാൻ ജസ്റ്റിസ് എസ്. മുരളീധർ ഉൾപ്പെട്ട ഡൽഹി ഹൈക്കോടതി ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെ മുരളീധറിനെ സ്ഥലം മാറ്റുകയും പകരമെത്തിയ ബെഞ്ച് ഹർജികൾ ഒരുമാസത്തേക്ക് നീട്ടിവയ്‌ക്കുകയുമായിരുന്നു. ഏപ്രിൽ 13ലേക്കാണ് മാറ്റിയത്.
കാലതാമസം ന്യായീകരിക്കാനാവില്ല
ജനങ്ങൾ തെരുവിൽ മരിക്കുകയാണെന്ന് കലാപത്തിന് ഇരയായവരുടെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് കോടതിയെ അറിയിച്ചു.
സോളിസിറ്റർ ജനറൽ: കലാപം നടക്കുമ്പോൾ അർദ്ധരാത്രിയിൽ വിദ്വേഷപ്രസംഗത്തിന് കേസെടുക്കാൻ ജസ്റ്റിസ് മുരളീധർ ഉത്തരവിട്ടത് ശരിയല്ല.
അഡ്വ. ഗോൺസാൽവസ്: കലാപത്തിന് കാരണക്കാർ ഇപ്പോഴും പ്രശ്നങ്ങളുണ്ടാക്കി സ്വൈരജീവിതം നയിക്കുന്നത് വേദനാജനകമാണ്.
സോളിസിറ്റർ ജനറൽ : കലാപത്തിന് കാരണം ചില പ്രസംഗങ്ങളാണ് എന്ന് വാദിക്കുന്നത് തെറ്റിദ്ധാരണ മൂലമാണ്. 467 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന വാദം ബാലിശമാണ്. എഫ്.ഐ.ആർ എടുക്കില്ല എന്നല്ല പൊലീസിന്റെ നിലപാട്. അതു നീട്ടിവയ്ക്കുക മാത്രമാണ് ചെയ്തത്.
അഡ്വ. ഗോൺസാൽവസ് : വിദ്വേഷപ്രസംഗത്തെ തുടർന്നാണ് ജനങ്ങൾ ഒത്തുകൂടിയത്. മരണങ്ങൾ സംഭവിച്ചതും അതിനാൽ തന്നെ
ചീഫ് ജസ്റ്റിസ് : ജനങ്ങൾ മരിക്കുന്നതറിഞ്ഞിട്ടും കേസ് പരിഗണിക്കുന്നതിന് ഇത്രയേറെ കാലതാമസമെടുക്കുന്നത് ന്യായീകരിക്കാനാകില്ല. കേസിന്റെ മെരിറ്റല്ല, കേസ് പരിഗണിക്കാനുള്ള കാലതാമസമാണ് പ്രശ്നം. ഹൈക്കോടതി ഉടൻ കേസ് പരിഗണിക്കണം. 6ന് തന്നെ പരിഗണിക്കണം.
സോളിസിറ്റർ ജനറൽ - 9ന് കേസ് ഹൈക്കോടതി പരിഗണിക്കാം
ചീഫ് ജസ്റ്റിസ് - ആറിന് തന്നെ പരിഗണിക്കണം. കലാപഭൂമിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഇടപെടണം.