ന്യൂഡൽഹി: ഉന്നാവ് പെൺകുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ മരണപ്പെട്ട കേസിൽ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സെൻഗർ, സഹോദരൻ അതുൽ, പൊലീസുകാരായ അശോക് സിംഗ് ബദുരിയ, കമ്ത പ്രസാദ്, അമീർ ഖാൻ എന്നിവരടക്കം ഏഴ് പേർ കുറ്റക്കാരാണെന്ന് ജഡ്ജ് ധർമേഷ് ശർമ്മ കണ്ടെത്തി. നാല് പേരെ വെറുതേ വിട്ടു. പ്രതികളുടെ ശിക്ഷ തീരുമാനിക്കാൻ പിന്നീട് വാദം കേൾക്കും. പെൺകുട്ടിയുടെ പിതാവിനെ കൊല്ലുക എന്ന ലക്ഷ്യം സെൻഗറിനുണ്ടായിരുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ക്രൂര മർദ്ദനത്തിനിടെയാണ് മരണമെന്ന് കണ്ടെത്തി. ഇതിൽ സെൻഗർ ഖേദിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
സെൻഗറടക്കം 11 പേർക്കെതിരെയാണ് നരസഹത്യയ്ക്ക് കേസെടുത്തത്. സെൻഗറിന് എതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായും സംഭവം നടക്കുമ്പോൾ സെൻഗർ പൊലീസുകാരുമായി ബന്ധപ്പെട്ടിരുന്നതായും കോടതി കണ്ടെത്തി. പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർമാരെയും കോടതി വിമർശിച്ചു. സെൻഗറിനെതിരെ പരാതി കൊടുത്തതിന് പിന്നാലെ 2018 ഏപ്രിൽ 9നാണ് പെൺകുട്ടിയുടെ പിതാവ് മരിക്കുന്നത്. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.