nirbhaya

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതി പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഡൽഹി സർക്കാരിന്റെ ശുപാർശയ്ക്ക് പിന്നാലെയാണ് രാഷ്ട്രപതിയുടെ നടപടി. ഇതോടെ വധശിക്ഷ നടപ്പിലാക്കാനുള്ള പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ മാതാപിതാക്കൾ പട്യാല കോടതിയെ സമീപിച്ചു. പുതിയ ഹർജിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോടതി വാദം കേൾക്കും.

പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ അപേക്ഷയിൽ പ്രതികൾക്ക് പട്യാല ഹൗസ് കോടതി നോട്ടീസ് അയച്ചു. ദയാഹർജി തള്ളിയ വിവരം പവൻ ഗുപ്തയെ അറിയിച്ചു, അതിനാൽ നോട്ടീസ് അയയ്ക്കേണ്ട ആവശ്യമില്ല എന്ന് ജയിൽ അധികൃതർക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്. വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവരുടെ ദയാഹർജികൾ നേരത്തെ രാഷ്ട്രപതിയും, ദയാഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് കുമാർ സിംഗും വിനയ് കുമാർ ശർമയും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയും തള്ളിയിരുന്നു. കഴിഞ്ഞ 3ന് പ്രതികളെ തൂക്കിലേറ്റാൻ മരണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പവൻ ഗുപ്ത ദയാഹർജി നൽകിയതിനാൽ ശിക്ഷ നടപ്പാക്കുന്നത് കോടതി നീട്ടി വയ്ക്കുകയായിരുന്നു.