nirbhaya

ന്യൂഡൽഹി:നിർഭയ കേസിൽ എല്ലാ പ്രതികളുടെയും ദയാഹർജികൾ രാഷ്ട്രപതി തള്ളിയതോടെ പ്രതികളെ മാർച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാൻ പട്യാല ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു.

പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന തീഹാർ ജയിൽ അധികൃതരുടെ ഹർജിയിലാണ് ഉത്തരവ്. നാലാം തവണയാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. ദയാഹർജി അടക്കം എല്ലാ നിയമസഹായങ്ങളും തേടി വധശിക്ഷയിൽ നിന്ന് രക്ഷനേടാനുള്ള പ്രതികളുടെ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ ഇത്തവണ വധശിക്ഷ ഉറപ്പായും നടപ്പാക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

പ്രതി പവൻ ഗുപ്തയുടെ ( 25 ) ദയാഹർജിയാണ് രാഷ്ട്രപതി അവസാനം തള്ളിയത്. അതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുമെന്നും അതിനാൽ മരണവാറണ്ട് പുറപ്പെടുവിക്കരുതെന്നും പ്രതിയുടെ അഭിഭാഷകൻ എ.പി. സിംഗ് ഇന്നലെ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അഡിഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണ അംഗീകരിച്ചില്ല.വധശിക്ഷ നടപ്പാക്കാനുള്ള തയാറെടുപ്പുമായി മുന്നോട്ട് പോകാൻ ജയിൽ അധികൃതർക്ക് കോടതി നിർദ്ദേശം നൽകി.

ഈ വർഷം ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നിങ്ങനെ മൂന്നു തവണ മരണവാറണ്ട് പുറപ്പെടുവിച്ചെങ്കിലും പ്രതികൾ ഓരോരുത്തരായി തിരുത്തൽ ഹർജിയുമായി കോടതിയെയും ദയാഹർജിയുമായി രാഷ്ട്രപതിയെയും സമീപിച്ചതിനാൽ നടപ്പാക്കാനായിരുന്നില്ല. പവൻ ഗുപ്തയുടെ ദയാഹർജിയും തള്ളിയതോടെ നിയമതടസങ്ങൾ മാറി. മറ്റു പ്രതികളായ മുകേഷ് സിംഗ് (32), അക്ഷയ് താക്കൂർ (31), വിനയ് ശർമ്മ (26) എന്നിവരുടെ ദയാഹർജികൾ നേരത്തെ തള്ളിയിരുന്നു.

2012 ഡിസംബർ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിർഭയ സംഭവം നടന്നത്. പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ഓടുന്ന ബസിൽ ആറ് പ്രതികൾ ചേർന്നു ക്രൂരമായി ബലാത്സംഗം ചെയ്തു വലിച്ചെറിയുകയായിരുന്നു. മുഖ്യ പ്രതിയായ റാം സിംഗ് തിഹാർ ജയിലിൽ ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത ഒരു പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.

ഇത്തവണ വധശിക്ഷ നടപ്പാക്കുമെന്ന് വിശ്വസിക്കുന്നു. ഇനിയൊരാൾക്കും തന്റെ ഗതിവരരുതെന്നും അതിന് തക്ക ശിക്ഷ പ്രതികൾക്ക് വാങ്ങി കൊടുക്കണമെന്നും മാത്രമാണ് മരണക്കിടക്കയിൽ മകൾ ആവശ്യപ്പെട്ടത്.

- ആശാദേവി, നിർഭയയുടെ അമ്മ

നിർഭയ കേസ്: കേന്ദ്ര ഹർജി മാർച്ച് 23ലേക്ക് മാറ്റി

ന്യൂഡൽഹി:നിർഭയ കേസ് പ്രതികളെ പ്രത്യേകം തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നൽകിയ ഹർജിയിലെ വാദം ജസ്റ്റിസ് ആർ.ഭാനുമതി, അശോക് ഭൂഷൺ, എ.എസ്.ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് മാർച്ച് 23ലേക്ക് മാറ്റി. പുതിയ മരണ വാറണ്ട് പ്രകാരം 20ന് രാവിലെ 5.30ന് പ്രതികളെയെല്ലാം തൂക്കിലേറ്റുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതോടെ ജസ്റ്റിസ് ഭാനുമതി 23ന് കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.പ്രതികൾ ശിക്ഷ വൈകിപ്പിക്കാനുള്ള ഗൂഢശ്രമങ്ങൾ നടത്തി നിയമ വ്യവസ്ഥതയെന്ന തന്നെ കളിയാക്കുകയാണെന്ന് തുഷാർ മേത്ത കോടതിയിൽ വാദിച്ചു.ഹർജിയുടെ മെരിറ്റ് സംബന്ധിച്ച വാദം 23ന് നടക്കുമെന്നും ഇനിയൊരിക്കലും കേസ് മാറ്റി വയ്‌ക്കില്ലെന്നും മൂന്നംഗ ബെഞ്ച് അറിയിച്ചു.